ph

കായംകുളം : തെരുവു നായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ ഭീതിയിൽ കായംകുളം നഗരവാസികൾ. അടുത്തിടെ ഏഴ് പേർക്കാണ് നഗരത്തിൽ കെ.പി.റോഡിൽ രണ്ടാംകുറ്റിക്കും പാർക്ക് ജംഗ്ഷനും ഇടയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത്. ജോലികഴിഞ്ഞ് വീട്ടിൽ പോകുന്നതിനിടെയാണ് പലരും നായ്ക്കളുടെ ആക്രമണത്തിനിരയായത്.

നഗരത്തിൽ എൽ.പി സ്കൂൾ പരിസരമാണ് തെരുവുനായ്ക്കളുടെ പ്രധാന വിഹാരകേന്ദ്രം. റോഡരികിൽ മാലിന്യം കൊണ്ടിടുന്നതും തെരുവ് നായകളെ വന്ധ്യംകരിക്കാത്തതുമാണ് നായ്ക്കളുടെ ശല്യം കൂടാൻ കാരണം. രാത്രിയിൽ തെരുവ്‌നായ കുറുകെചാടിയതിനെത്തുടർന്ന് അപകടത്തിൽപെടുന്ന ബൈക്ക് യാത്രികരും നിരവധിയാണ്. ആട്, കോഴി, താറാവ് അടക്കമുള്ള വളർത്തു മൃഗങ്ങളെ തെരുവ് നായ കടിച്ചു കൊല്ലുന്നതും നിത്യസംഭവമാണ്. എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തെരുവ് നായകളുടെ വന്ധ്യംകരണ യുണിറ്റ് ജില്ലാ ഭരണകൂടം കായംകുളത്തിന് അനുവദിച്ചിട്ട് കാലംകുറേയായെങ്കിലും പദ്ധതി ഇതുവരെ നടപ്പായില്ല. തെരുവ് നായകളെ പിടികൂടി കൂടുകളിൽ പാർപ്പിക്കുന്നതിനുള്ള സംവിധാനവും നഗരത്തിൽ ഇല്ല.

പ്രഭാത സവാരിക്കാർക്കും രക്ഷയില്ല

1.പ്രഭാതസവാരിക്കാർ നായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.പുതിയിടം ക്ഷേത്രക്കുളത്തിന് ചുറ്റും നടക്കാൻ വരുന്ന നിരവധി പേർക്കാണ് കടിയേറ്റത്

2.രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്യുന്നവരുടെ പിന്നാലെ കൂട്ടത്തോടെ നായ്ക്കൾ ചീറിപ്പാഞ്ഞു വരുന്ന സ്ഥിതിയുമുണ്ട്.

3.അറവുശാലയിൽ നിന്നും കോഴിക്കടകളിൽ നിന്നുമുള്ള മാലിന്യം കൂടികിടക്കുന്നിടത്താണ് തെരുവ്‌ നായകൾ കൂട്ടംകൂടി എത്തുന്നത്

4.സ്‌കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾ റോഡുകളിലൂടെ പേടിയോടെയാണ് കടന്നുപോകുന്നത്