മാന്നാർ : കുട്ടംപേരൂർ കുന്നത്തൂർ ക്ഷേത്രം അടിയന്തര പൊതുയോഗം 23ന് രാവിലെ 10ന് ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുന്നത്തൂർ ക്ഷേത്ര ഭരണ സമിതിയിൽ നിന്ന് രാജി വച്ചതായി പ്രഖ്യാപിച്ചെങ്കിലും പൊതുയോഗം വിളിച്ചു ചേർത്ത ശേഷം ഇക്കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചതുകൊണ്ടാണ് രാജി വെയ്ക്കാതിരുന്നതെന്നും സുനിൽ പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുന്നയിച്ച് കോടതിയിലും ക്രൈംബ്രാഞ്ചിലും കേസ് നൽകിയവരുടെ വീടുകളിലെ പറ സ്വീകരിക്കില്ല എന്ന ഭരണസമിതിയുടെ നിലപാട് തർക്കത്തിൽ അവസാനിച്ചു. തുടർന്ന് പറയടുപ്പ് മുടങ്ങുമെന്ന സാഹചര്യത്തിൽ പൊലീസ് ഇടപെട്ടാണ് എല്ലാ പറകളും എടുക്കാൻ തീരുമാനിച്ചത്. തുടർന്നായിരുന്നു സുനിൽ ശ്രദ്ധേയത്തിന്റെ രാജി പ്രഖ്യാപനം.
നല്ല നിലയിൽ പ്രവർത്തിക്കുന്ന ക്ഷേത്രത്തെ തകർക്കുന്നതിന് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ചിലർ പരാതിനൽകിയിയിരിക്കുന്നത്. വരവ് ചെലവ് കണക്കുകൾ പൊതുയോഗത്തെ കൃത്യമായി ബോധിപ്പിച്ച ശേഷം രാജി സമർപ്പിക്കുമെന്ന് സുനിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് പി.കരുണാകരൻ, ജോ.സെക്രട്ടറി ചന്ദ്രൻ നായർ, കമ്മിറ്റിയംഗങ്ങളായ പ്രദീപ്, ഉണ്ണികൃഷ്ണൻ നായർ, അരുൺകുമാർ, തുളസീധരൻ ആചാരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.