dsfd

മുഹമ്മ : ജീർണാവസ്ഥയിലുള്ള വീട്ടിൽ കഴിഞ്ഞിരുന്ന 78കാരി ജാനുവിന് അടച്ചുറപ്പുള്ള വീടൊരുങ്ങുന്നു. രണ്ടു കിടപ്പ് മുറിയും അടുക്കളയും ഹാളും അടങ്ങുന്ന വീടിന്റെ താക്കോൽ ഇന്ന് രാവിലെ 9ന് മന്ത്രി പി.പ്രസാദ് കൈമാറും.

മുഹമ്മ നാലാംവാർഡ് ആശാരി പറമ്പിൽ ജാനു ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയിരുന്നെങ്കിലും വീട് ലഭിച്ചിരുന്നില്ല. സ്ഥലം പൂർവികരുടെ പേരിലായതിനാൽ കൂട്ടവകാശികൾ ഉണ്ടായിരുന്നെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്. ഇതിനിടെ, അസുഖബാധിതനായ സഹോദരനൊപ്പം കഴിഞ്ഞിരുന്ന ഓട് മേഞ്ഞ വീട് മേൽക്കൂര ഇടിഞ്ഞു അപകടാവസ്ഥയിലായി. ഇത് പുതുക്കിപ്പണിയാനുള്ള ശേഷിയും ജാനുവിനുണ്ടായിരുന്നില്ല. തൊഴിലുറപ്പ് ജോലിയിൽ നിന്നുള്ള വരുമാനമാണ് ആകെയുള്ളത്.

വീടിന്റെ അപകടാവസ്ഥ കണ്ട് പഞ്ചായത്ത് ഇടപെട്ടു. അതിദരിദ്രരുടെ ലിസ്റ്റിൽ ജാനുവിന്റെ പേര് ഉൾപ്പെട്ടതോടെ ലൈഫ് പദ്ധതിയിൽപ്പെടുത്തി നാലു ലക്ഷം രൂപ അനുവദിച്ചു. വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ നിർമ്മാണകമ്മറ്റി രൂപീകരിച്ച് കഴിഞ്ഞ ഡിസംബറിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവും ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥനും ചേർന്ന് വീടിന് തറക്കല്ലിട്ടു. ഉദാരമനസ്ക്കരുടെ സഹായത്തോടെ നാലുമാസം കൊണ്ട് വീട് നിർമ്മാണം പൂർത്തീകരിച്ചു