ചേർത്തല : ചേർത്തലയിൽ കണക്കുകൂട്ടലുകൾ തെ​റ്റിച്ച് സി.പി.എം ശക്തികേന്ദ്രങ്ങളിലടക്കം എൻ.ഡി.എ നടത്തിയത് ശക്തമായ മുന്നേറ്റം. ചേർത്തല നിയോജക മണ്ഡലത്തിലെ ചേർത്തല നഗരസഭയിലും ഏഴുപഞ്ചായത്തുകളിലും ഇടതുവോട്ടുകളിൽ വലിയ ചോർച്ചയുണ്ടായതായാണ് കണക്കുകൾ.

2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇടതുവോട്ടുകളിൽ 21,362 വോട്ടുകളുടെ കുറവാണുണ്ടായത്. യു.ഡി.എഫിന് 3625 വോട്ടുകൾ കുറഞ്ഞു. എൻ.ഡി.എക്ക് കൂടിയത് 17819 വോട്ടുകളും. തീരദേശത്തടക്കം സാന്നിദ്ധ്യമറിയിക്കാനും ബി.ജെ.പിക്കു സാധിച്ചു. എൽ.ഡി.എഫിന് നഷ്ടപ്പെട്ട വോട്ടുകൾ അനുകൂലമായെത്തിയില്ലെങ്കിലും അതു ബി.ജെ.പിയിലേക്കൊഴുകിയത് പ്രത്യക്ഷത്തിൽ കോൺഗ്രസിനാണ് നേട്ടമായത്.
ഇടതിന് ലഭിച്ചിരുന്ന പരമ്പരാഗത ഈഴവ വോട്ടുകളാണ് ബി.ജെ.പിയിലേക്കൊഴുകിയതെന്നാണ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരവും കയർ മേഖലയിലെ നിർജ്ജീവാവസ്ഥയുമെല്ലാം ഈഴവ വോട്ടുകളുടെ ചോർച്ചക്കു കാരണമായിട്ടുണ്ട്. എൽ.ഡി.എഫിനു നഷ്ടപ്പെട്ട ഈഴവ വോട്ടുകൾ യു.ഡി.എഫിലേക്കെത്താതെ ബി.ജെ.പിയിലേക്കു പോയതായാണ് കണക്കുകൾ പറയുന്നത്. ഈഴവ വോട്ടുകളുടെ ധ്രൂവീകരണം വരുംകാല തിരഞ്ഞെടുപ്പുകളിലും നിർണായകമാകുമെന്നാണ് കണക്കാക്കുന്നത്.
ആകെയുളള 2,11,067വോട്ടിൽ 1,67366 വോട്ടാണ് പോൾ ചെയ്തത്.ഇതിൽ കെ.സി.വേണുഗോപാൽ(62701),എ.എം.ആരിഫ്(61 858)ശോഭാസുരേന്ദ്രൻ(40474) എന്നിങ്ങനെയാണ് വോട്ടുനില.1035 വോട്ടുകളുടെ മുൻതൂക്കമാണ് ചേർത്തലയിൽ കെ.സി.വേണുഗോപാലിന് ലഭിച്ചത്. തീരദേശ മേഖലയിലെ പരമ്പരാഗത വോട്ടുകൾ വലിയനഷ്ടമില്ലാതെ കാക്കാനായത് കെ.സിക്ക് തുണയായി.

ഇടതുകോട്ടകളിൽ വിള്ളൽ
1. തീരദേശമേഖല ഉൾപ്പെടുന്ന പട്ടണക്കാട്ട് യു.ഡി.എഫിനു 1136 വോട്ടിന്റെ മുൻതൂക്കം ലഭിച്ചു. വോട്ടുനില : എ.എം.ആരിഫ്(6779),കെ.സി.വേണുഗോപാൽ(7915),ശോഭാസുരേന്ദ്രൻ(4775).

2.എൽ.ഡി.എഫ് വലിയ മുൻതൂക്കം പ്രതീക്ഷിച്ചിരുന്ന വയലാറിൽ ലീഡ് 261 ലൊതുങ്ങി. എ.എം.ആരിഫ്(6019),കെ.സി.വേണുഗോപാൽ(5758),ശോഭാസുരേന്ദ്രൻ(4223).

3. തീരദേശം തുണയായ കടക്കരപ്പള്ളിയിൽ യു.ഡി.എഫ് 766 വോട്ടിന്റെ മുൻതൂക്കമാണ് നേടിയത്.എ.എംആരിഫ്(4395),കെ.സി.വേണുഗോപാൽ(5161),ശോഭാസുരേന്ദ്രൻ(3115)

4.എൽ.ഡി.എഫിന് വോട്ടുചോർച്ചകളുണ്ടായെങ്കിലും ചേർത്തല നഗരസഭയിൽ 72 വോട്ടിന്റെ നേരിയ മുൻതൂക്കം ലഭിച്ചു. എ.എം.ആരിഫ് (10555),കെ.സി.വേണുഗോപാൽ (10483),ശോഭാസുരേന്ദ്രൻ(7540).

5. യു.ഡി.എഫിന് ചേർത്തല തെക്കിൽ 2196 വോട്ടിന്റെ മുൻതൂക്കം നേടാനായി. എ.എംആരിഫ്(8937),കെ.സി.വേണുഗോപാൽ(11133),ശോഭാസുരേന്ദ്രൻ(4882).

6.മൂന്നുമുന്നണികളും ശക്തമായി മത്സരിച്ച തണ്ണീർമുക്കത്ത് യു.ഡി.എഫിനു 150 വോട്ടിന്റെ നേരിയ മുൻതൂക്കം. എ.എം.ആരിഫ്(9444),കെ.സി.വേണുഗോപാൽ(9594),ശോഭാസുരേന്ദ്റൻ(7055).

7.ഇടതുകോട്ടയായ കഞ്ഞിക്കുഴയിൽ ലീഡുകുത്തനെ ഇടിഞ്ഞെങ്കിലും 2305ന്റെ മുൻതൂക്കം എൽ.ഡി.എഫ് നേടി. എ.എം.ആരിഫ്(9019),കെ.സി.വേണുഗോപാൽ(6714),ശോഭാസുരേന്ദ്രൻ(4950).

8.മുഹമ്മയിലും എൽ.ഡി.എഫ് മേൽക്കൈ 575ൽ ഒതുങ്ങി. എ.എം.ആരിഫ്(6510),കെ.സി.വേണുഗോപാൽ(5935),ശോഭാസുരേന്ദ്രൻ(3934).