
കായംകുളം : രണ്ട് പതിറ്റാണ്ടിലേറെയായി കായംകുളം നിയോജക മണ്ഡലത്തിൽ ഒന്നാമതായിരുന്ന എൽ.ഡി.എഫ്, കടിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായതിനെച്ചൊല്ലി സി.പി.എം അംഗങ്ങൾ ഉൾപ്പെട്ട സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നേതാക്കൾക്കെതിരെ വിമർശനങ്ങളുടെ പെരുമഴ.
ഫെയ്സ് ബുക്ക് ലൈവിലെത്തി വോട്ടർമാരെ വിമർശിക്കുന്ന എം.എൽ.എ പാർട്ടി അണികളെ അകറ്റിയതായും ആരോപണമുയർന്നു.
കായംകുളത്തെ ഉയരപ്പാത വിഷയത്തിൽ എൽ.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകൾ ഒട്ടേറെ നഷ്ടമായെന്ന് വിമർശകർ പറയുന്നു. ഈ വിഷയത്തിൽ സമര രംഗത്ത് നിന്ന പാർട്ടിക്കാർ ഉൾപ്പെടെയുള്ളവരെ പിത്യശൂന്യർ എന്ന് വിളിച്ചത് ആയിരക്കണക്കിന് വോട്ടർമാരെ മാറിച്ചിന്തിക്കുവാൻ പ്രേരിപ്പിച്ചതായും 'കായംകുളത്തിന്റെ വിപ്ളവം' പോലെയുള്ള കൂട്ടായ്മകളിൽ പാർട്ടി അംഗങ്ങൾ തന്നെ ആരോപിച്ചു.
കായംകുളത്തെ സംഘടനാ സംവിധാനത്തിൽ പാകപ്പിഴ ഉണ്ടായതായും ചില നേതാക്കളുടെ സ്വാർത്ഥ താൽപര്യങ്ങൾ പത്തിയൂർ, കണ്ടല്ലൂർ പോലുള്ള ശക്തിഗ്രാമങ്ങളിൽ പാർട്ടി സംവിധാനത്തെ തകർത്തതായും ആരോപണമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഒന്നാം സ്ഥാനത്തായിരുന്ന സി.പി.എം ഇത്തവണ കായംകുളത്ത് മൂന്നാം സ്ഥാനത്താവുകയായിരുന്നു. കെ.സി.വേണുഗോപാലിന് 50216 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന് 48775 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം ആരിഫിന് 48020 വോട്ടുമാണ് ലഭിച്ചത്.
കായംകുളം നഗരസഭയും, ഭരണിക്കാവ്, ചെട്ടികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, ദേവികുളങ്ങര, പത്തിയൂർ പഞ്ചായത്തുകളും ഉൾകൊള്ളുന്നതാണ് കായംകുളം നിയമസഭ മണ്ഡലം.
ഞെട്ടിച്ച് പത്തിയൂരും ചെട്ടികുളങ്ങരയും
സി.പി.എം ശക്തികേന്ദങ്ങളായ പത്തിയൂർ, ദേവികുളങ്ങര ,ചെട്ടികുളങ്ങര പഞ്ചായത്തുകളിലും എൻ.ഡി.എ മേൽക്കൈ നേടി.
പത്തിയൂരിൽ 983 വോട്ടും ദേവികുളങ്ങരയിൽ 996 വോട്ടും ,ചെട്ടികുളങ്ങരയിൽ 1000 വോട്ടും,കണ്ടല്ലൂരിൽ 528 വോട്ടും എൽ.ഡി.എഫിനെ അപേക്ഷിച്ച് എൻ.ഡി.എ കൂടുതൽ നേടി. പത്തിയൂരിൽ എൽ.ഡി.എഫിന് 7026 വോട്ടും യു.ഡി.എഫിന് 5808 എൻ.ഡി.എയ്ക്ക് 8009 വോട്ടും ലഭിച്ചു. ചെട്ടികുളങ്ങരയിൽ എൽ.ഡി.എഫിന് 7514 വോട്ടും യു.ഡി.എഫിന് 5491 വോട്ടും എൻ.ഡി.എയ്ക്ക് 8514 വോട്ടുമാണ് കിട്ടിയത്. ഭരണിക്കാവിൽ എൽ.ഡി.എഫിന് 7819 വോട്ടും യു.ഡി.എഫിന് 8314 വോട്ടും വോട്ടും എൻ.ഡി.എയ്ക്ക് 6167 വോട്ടും ലഭിച്ചു. ഇവിടെ യു.ഡി.എഫിന് 495 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ബി.ജെ.പി മൂന്നാമത്. കായംകുളം നഗരസഭയിൽ എൽ.ഡി.എഫിന് 12689 വോട്ടും യു.ഡി.എഫിന് 16845 വോട്ടും വോട്ടും എൻ.ഡി.എയ്ക്ക് 10258 വോട്ടും ലഭിച്ചു. യു.ഡി.എഫിന് 4156 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി.