ആലപ്പുഴ : സിറ്റി ഗ്യാസ് പദ്ധതിക്കായെടുത്ത കുഴികൾ നഗരത്തിൽ അപകടഭീഷണി ഉയർത്തുന്നു. കളർകോട് മുതൽ പിച്ചു അയ്യർ ജംഗ്ഷൻ വരെയും അവിടെ നിന്ന് കോൺവന്റ് സ്ക്വയർ ജംഗ്ഷൻ വരെയുമാണ് റോഡിലെ കുഴികൾ. സ്കൂൾ തുറന്നതോടെ തിരക്ക് വർദ്ധിച്ചിട്ടും കുഴികൾ മൂടാൻ നടപടി സ്വീരിക്കാത്തതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവായി.
സ്കൂൾ കുട്ടികൾ ധാരാളമായെത്തുന്ന രാവിലെയും വൈകിട്ടുമാണ് കുരുക്ക് രൂക്ഷം. സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തിനൊപ്പം സ്കൂൾ ട്രിപ്പ് നടത്തുന്ന ഓട്ടോറിക്ഷകൾ കൂടി എത്തിയതോടെയാണ് മണിക്കൂറുകളോളം അഴിയാക്കുരുക്ക് രൂപപ്പെടുന്നത്. ജനറൽ ആശുപത്രിയിലേക്കും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലേക്കും എത്തേണ്ട പാതകളിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
കുഴികൾ മൂടാത്തത് മഴക്കാലത്ത് വലിയ അപകടത്തിന് വഴിവയ്ക്കാൻ സാദ്ധ്യതയുണ്ട്. ബൈപ്പാസ് കയറാതെ നഗരത്തിലേക്ക് എത്തുന്ന അപരിചിതരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.
1.ചില കുഴികൾ മെറ്റലിട്ട് നികത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇവ ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാണ്
2.മെറ്രലിൽ തെന്നി സൈക്കിൾ യാത്രികരും ബൈക്ക് യാത്രികരും വീഴുന്നത് പതിവായി
3.മഴ കനക്കുന്നതോടെ കുഴികളിലെല്ലാം വെള്ളം നിറയുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും
4.പല കുഴികൾക്ക് മുന്നിലും അപകടസൂചനാ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല
രാവിലെയും വൈകിട്ടും സ്കൂൾ കുട്ടികളെയും കൊണ്ട് യഥാസമയം എത്താൻ സാധിക്കുന്നില്ല. കുഴികൾ മൂടി റോഡ് നന്നാക്കിയാൽ മാത്രമേ കുരുക്കില്ലാതെ യാത്രചെയ്യാനാകൂ
- സോമൻ, ഓട്ടോറിക്ഷാ ഡ്രൈവർ