ആലപ്പുഴ: ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി കാവ് പച്ചത്തുരുത്ത് സ്ഥാപിച്ചു. അമ്പലപ്പുഴ വടക്ക് ആറാം വാർഡിൽ പഴൂർ പുരുഷോത്തമൻ പിള്ളയുടെ ഉടമസ്ഥയിലുള്ള പഴൂർ സർപ്പക്കാവാണ് വീണ്ടെടുത്തത്. അഞ്ച് സെന്റിലുള്ള സർപ്പക്കാവ് 2018 -ലെ പ്രളയത്തിൽ നശിച്ചുപോയിരുന്നു. നിലവിൽ നാശം വന്നു കൊണ്ടിരിക്കുന്ന കാവുകളെ കണ്ടെത്തി സംരക്ഷിക്കാനുള്ള ഹരിതകേരളം മിഷൻ പദ്ധതിയിലൂടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേരള വനംവകുപ്പ് എന്നിവ സംയോജിച്ചാണ് വീണ്ടെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് രുദ്രാക്ഷ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, നവകേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു.