dineesha-mariyam-daniyel

മാന്നാർ: ഹയർസെക്കൻഡറി പരീക്ഷയിൽ ഫുൾ മാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ദിനീഷയ്ക്ക് തിരിച്ചടിയായി നാല് മാർക്ക് നഷ്ടം. എന്നാൽ നഷ്ടമായ നാല് മാർക്ക് പുനപരിശോധനയിൽ തിരിച്ച് കിട്ടിയതോടെ 1200 ൽ 1200. മാന്നാർ നായർസമാജം ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർത്ഥി ദിനീഷ മറിയം ദാനിയേലിനാണ് പുഃനപരിശോധനയിൽ മുഴുവൻ മാർക്കും ലഭിച്ചത്. പ്ലസ് വണിൽ എല്ലാ വിഷയങ്ങൾക്കും 100ൽ 100 ലഭിച്ചിരുന്നു. പ്ലസ്ടുവിന്
ഫലം വന്നപ്പോൾ ഇക്കണോമിക്സിന് 100 ൽ 96 മാർക്കാണ് ലഭിച്ചത്. നാലുമാർക്കിന്റെ കുറവിൽ ഫുൾ മാർക്ക് നഷ്ടമായി. എന്നാൽ ഇക്കണോമിക്സ് പേപ്പർ പുഃനപരിശോധനക്ക് അപേക്ഷിച്ചതോടെ നാലു മാർക്ക് കൂടി ലഭിക്കുകയായിരുന്നു. ജില്ലയിൽ ഹയർ സെക്കൻഡറിയിൽ വിജയത്തിളക്കത്തിൽ ഒന്നാമതെത്തിയ മാന്നാർ നായർ സമാജം സ്കൂളിന് ദിനീഷയുടെ ഫുൾ മാർക്ക് വിജയം കൂടുതൽ തിളക്കമേകി. മാവേലിക്കര തഴക്കര തൊമ്മൻ പറമ്പിൽ ദാനിയേൽ യോഹന്നാന്റെയും സീനാ ദാനിയേലിന്റെയും മകളായ ദിനീഷ മറിയം ദാനിയേലിന് ചരിത്ര പഠനത്തിത്തിലാണ് താത്പര്യം.