
ഹരിപ്പാട് : മുതുകുളത്ത് ജലജീവൻ പദ്ധതിക്ക് പൈപ്പിടാനായി കുഴിയെടുത്ത റോഡുകൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാഹനങ്ങളാണ് റോഡിലെ കുഴിയിൽ വീണത്.
പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി മൂടിയതിലുണ്ടായ അപാകതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. മുതുകുളത്തെ ഒട്ടുമിക്ക ഗ്രാമീണറോഡുകളിലും പൈപ്പിടാനായി കുഴിയെടുത്തിരുന്നു. മണലിന് മുകളിൽ പാറപ്പൊടി പോലെയുളള സാമഗ്രികളിട്ട് റോളർ കയറ്റി നല്ല രീതിയിൽ കുഴി മൂടാമെന്ന ഉറപ്പു നൽകിയ ശേഷമാണ് ജോലികൾ തുടങ്ങിയതെങ്കിലും തുരന്നെടുത്ത മണലിട്ട് കുഴി മൂടിയശേഷം കരാറുകാർ മടങ്ങി.
മഴ തുടങ്ങിയതോടെ മണലിന്റെ ഉറപ്പ് കുറയുകയും വാഹനങ്ങൾ ഈ ഭാഗങ്ങളിൽ താഴുകയുമായിരുന്നു. ഇരുചക്രവാഹനയാത്രക്കാർക്കാണ് കൂടുതൽ ഭീഷണി. എതിരേ വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാനായി അരികു ചേർക്കുമ്പോൾ മണലിൽ അകപ്പെട്ട് വാഹനം മറിയാനുളള സാദ്ധ്യതയേറെയാണ്. കഴിഞ്ഞ ദിവസം കരുണാമുറ്റം-ആലുംചുവട് റോഡിൽ സ്‌കൂട്ടർ മണലിൽ അകപ്പെട്ടിരുന്നു. . അടുത്തിടെ ടാറിംഗ് നടത്തിയ റോഡിൽ പോലും കുഴിയെടുത്ത ഭാഗത്ത് കോൺക്രീറ്റും മറ്റുമിട്ട് സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്.
അപകടങ്ങൾ തുടർക്കഥ
1.കഴിഞ്ഞ ആഴ്ച മുതുകുളം തെക്ക് കറുകയിൽ-ബംഗ്ലാവിൽച്ചിറ റോഡിൽ പൈപ്പിട്ട ഭാഗത്ത് കാറിന്റെ ചക്രം താഴ്ന്നു പോയി. 2.മായിക്കൽ ട്രാൻസ്ഫോർമർ-രേഖാലയം റോഡിലും നാലാം വാർഡിലും ഇത്തരത്തിൽ കാർ മണലിൽ പുതഞ്ഞു. ഒന്നാം വാർഡിൽ ടിപ്പർ ലോറിയും താന്നു പോയി
3.മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നാണ് ഇവിടങ്ങളിലെല്ലാം വാഹനങ്ങൾ വലിച്ചുകയറ്റിയത്
4.പെപ്പിടാനായി കുഴിയെടുത്തതു മൂലം പുനർനിർമിച്ച റോഡുകൾക്കുൾപ്പെടെ നാശമുണ്ടായിട്ടുണ്ട്
പൈപ്പിടാനായി കുഴിച്ചതുമൂലം റോഡിൽ കൂടി സഞ്ചരിക്കാൻ ഭയമാണ്. റോഡുകൾക്ക് വ്യാപകനാശമുണ്ടായിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ഇതിന് പരിഹാരം കാണണം
- നാട്ടുകാർ