
ചാരുംമൂട് : ചത്തിയറയിലെ താത്കാലിക പാലത്തിലൂടെയുള്ള സ്കൂൾ വിദ്യാർത്ഥികളുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അധ്യാപകർ രംഗത്ത്. താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ അദ്ധ്യാപകരാണ് തങ്ങളുടെ വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ സംവിധാനം ക്രമീകരിച്ചത്.
താമരക്കുളം - ഓച്ചിറ റോഡിലുള്ള ചത്തിയറ പാലത്തിന്റെ പണി ആരംഭിച്ചതോടെയാണ് ഇവിട താത്കാലിക പാലവും റോഡും നിർമ്മിച്ചത്. സ്കൂളിലേക്ക് കുട്ടികൾക്കെത്താനുള്ള പ്രധാന വഴികൂടിയാണിത്. പാലത്തിലൂടെ ഇരൂചക്ര വാഹനത്തിനു മാത്രമേ കടന്നുപോകാൻ കഴിയൂ. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങളും കാൽനടക്കാരായ കുട്ടികളുമൊക്കെ എത്തുമ്പോൾ ഗതാഗതനിയന്ത്രണവും ആവശ്യമാണ്. മഴ പെയ്താൽ ഇതുവഴിയുള്ള യാത്ര അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇതിനാൽ രാവിലെയും വൈകിട്ടും സ്കൂളിലെ രണ്ട് അധ്യാപകർക്ക് വീതമാണ് സുരക്ഷാപ്രവർത്തനങ്ങൾക്കുള്ള ചുമതല നൽകിയത്. പാലം പണി നടക്കുന്നതിനാൽ താമരക്കുളത്തു നിന്നും ചത്തിയറയിലേക്കുൾപ്പെടെ യാത്ര ചെയ്യാൻ കഴിയുമായിരുന്ന നടീൽവയൽ റോഡ് നിർമ്മാണം മുടങ്ങിക്കിടന്നതും യാത്രക്കാരെ വലച്ചിരിക്കുകയാണ്.