
മാന്നാർ : മഴയിലും കാറ്റിലും തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണതിനെ തുടർന്ന് നാലോളം വൈദ്യുതി തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മാന്നാർ കുട്ടമ്പേരൂർ12-ാം വാർഡിൽ ചേപ്പഴത്തിൽ അമ്പലത്തിന് വടക്ക് ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ ആൾതാമസമില്ലാതെ കിടക്കുന്ന വീടിന്റെ പുരയിടത്തിൽ നിന്ന തെങ്ങാണ് വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് കടപുഴകി വീണത്. സമീപവാസികൾ അറിയിച്ചതനുസരിച്ച് ചെന്നിത്തലയിൽ നിന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും , തുടർന്ന് മരം മുറിച്ചു മാറ്റുകയും ചെയ്തു. ആൾതാമസം ഇല്ലാത്ത ഈ വീടും പുരയിടവും കാടുപിടിച്ചു കിടക്കുകയാണ്.