
മാന്നാർ : പലിശയ്ക്ക് കടമെടുത്തും പണയംവച്ചും കൃഷി ചെയ്ത് നൽകിയ നെല്ലിന്റെ വില എന്ന് ലഭിക്കുമെന്നറിയാതെ നെൽകർഷകർ. കൊയ്ത്ത് കഴിഞ്ഞ നെല്ല് മില്ലുകാർ എടുക്കാതെ ആഴ്ചകളോളം പാടത്ത് തന്നെ കിടക്കുകയും പിന്നീട് ഇരുപത് ശതമാനം വരെ കിഴിവ് നൽകേണ്ടി വരികയും ചെയ്ത അപ്പർ കുട്ടനാടൻ മേഖലയായ ചെന്നിത്തല, മാന്നാർ പാടശേഖരങ്ങളിലെ കർഷകരാണ് നെല്ലിന്റെ വിലയ്ക്കായി കാത്തിരിക്കുന്നത്.
പാഡി റെസീപ്റ്റ് ഷീറ്റുമായി (പി.ആർ.എസ്) ബാങ്കിലെത്തിയ കർഷകരോട് പാഡി ഓഫീസിൽ നിന്ന് ലിസ്റ്റ് വന്നില്ലെന്നും അത് വരുന്ന മുറയ്ക്ക് മാത്രമേ പണം നല്കാൻ കഴിയുകയുള്ളൂവെന്നുമാണ് ബാങ്കുകാർ അറിയിച്ചത്. നെല്ല് സംഭരണ വില കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനായി എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ചേർന്നു രൂപീകരിച്ച കൺസോർഷ്യവുമായിട്ടാണ് സപ്ലൈകോ കരാർ ഒപ്പുവെച്ചിട്ടുള്ളത്. നെല്ലിന്റെ വില എത്രയും വേഗം കർഷകർക്ക് ലഭ്യമാക്കാൻ ബാങ്കുകൾക്ക് വേണ്ട നിർദ്ദേശം നൽകണമെന്ന് ചെന്നിത്തല ഒന്നാം ബ്ലോക്ക് പാടശേഖരം സെക്രട്ടറി രാജൻ ആവശ്യപ്പെട്ടു.
പി.ആർ.എസും തുകവിതരണവും
1.സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പണത്തിന് പകരമായി കർഷകർക്ക് അവരുടെ നെല്ലിന്റെ തൂക്കം രേഖപ്പെടുത്തിയ പാഡി റെസിപ്റ്റ് ഷീറ്റ് (പി.ആർ.എസ് ) ആണ് നൽകുന്നത്
2.പി.ആർ.എസ് ബാങ്കിൽകൊടുക്കുമ്പോൾ റെസീപ്റ്റ് കൈപ്പറ്റി കർഷകന്റെ അക്കൗണ്ടിലേക്ക് തുക അപ്പോൾ തന്നെ ബാങ്ക് നൽകേണ്ടതാണ്. ഇങ്ങനെ കൊടുക്കുന്ന തുകയ്ക്ക് സപ്ളൈകോയുടെ ഗ്യാരണ്ടി ബാങ്കിന് ലഭിക്കും
3.സംഭരിച്ച നെല്ലിന്റെ വിലക്ക് തുല്യമായ തുക ബാങ്കുകൾ വായ്പയായിട്ടാണ് കർഷകന് നൽകുന്നത്. പിന്നീട് സർക്കാർ പണം ബാങ്കുകൾക്ക് നൽകുമ്പോൾ കർഷകരുടെ പേരിലുള്ള വായ്പ ഒഴിവാകും
ഹരിപ്പാട് കാനറാ ബാങ്കിൽ പണം ലഭിക്കുന്നതിനായി പി.ആർ.എസ് നൽകിയപ്പോൾ പാഡി ഓഫീസിൽ നിന്നും ലിസ്റ്റ് വന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഇത്തവണ നെൽകൃഷി നടത്തിയത്. സർക്കാർ നൽകിയ വിത്തിന് കിളിർപ്പ് ഇല്ലാത്തതിനെ തുടർന്ന് പുറത്തു നിന്നും വലിയ വില നൽകി വിത്ത് വാങ്ങേണ്ടിവന്നു
-പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ കെ.എൻ തങ്കപ്പൻ
ചെന്നിത്തല മൂന്നാം ബ്ലോക്കിലെ കർഷകൻ