
അമ്പലപ്പുഴ : കപ്പക്കട കിഴക്ക് ഈരേത്തോട്ടിൽ നിന്ന് വാരി മാറ്റിയ പോളകൾ സമീപത്തെ റോഡിലിട്ടിരിക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. റോഡരികിൽ പോളകൾ വാരിക്കൂട്ടിയതോടെ സമീപത്തെ വീടുകളിൽ നിന്നു പോലും വാഹനങ്ങൾ റോഡിലേക്ക് ഇറക്കാനാവാത്ത സ്ഥിതിയാണ്.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ പോളകൾ ചീഞ്ഞുനാറി ദുർഗന്ധവും രൂക്ഷമായി. പകർച്ചവ്യാധി ഭീഷണിയിലാണ് സമീപവാസികൾ. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോകാൻ കഴിയുന്ന റോഡിൽ പോള കൂമ്പാരങ്ങൾ ആയതോടെ വാഹനയാത്രക്കാരും ബുദ്ധിമുട്ടിലായി.
പുന്നപ്ര തെക്കു പഞ്ചായത്ത് കരാർ നൽകിയാണ് ഈരേത്തോട്ടിൽ നിന്നും പോള വാരിയത്. എന്നാൽ കരാറുകാരൻ പോള വാരി റോഡിൽ ഇടുകയായിരുന്നു. റോഡ് പുന്നപ്ര വടക്കു പഞ്ചായത്തിന്റെ അതിരാണ്.