photo

തടസങ്ങൾ നീക്കിയത് മന്ത്രി തല ചർച്ചയിൽ

ചേർത്തല : പതിനൊന്നുമാസമായി മുടങ്ങി കിടന്ന നഗരത്തിലെ സെന്റ് മേരീസ് പാലനിർമ്മാണം പുനരാരംഭിച്ചു. ഇറിഗേഷൻ വകുപ്പ് ഉയർത്തിയ സാങ്കേതിക തടസങ്ങൾ മന്ത്റി പി.പ്രസാദിന്റെ നേതൃത്വത്തിൽ മന്ത്റിതലത്തിൽ നടത്തിയ ചർച്ചകളിലൂടെ പരിഹരിച്ചാണ് വീണ്ടും നിർമ്മാണം ആരംഭിച്ചത്.

ജനുവരി അവസാന വാരം തീരുമാനമായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതോടെ ഉത്തരവ് ഇറങ്ങാൻ വൈകുകയായിരുന്നു. നിലവിൽ നിശ്ചയിച്ച രൂപരേഖയിൽ മാ​റ്റങ്ങളില്ലാതെയാണ് പാലം നിർമ്മിക്കുന്നത്.മന്ത്രിയുടെ ഇടപെടലിൽ സെന്റ് മേരീസ് പാലത്തിന് മാത്രമായി, 5 മീറ്റർ ഉയരം വേണമെന്നതിൽ ഇളവ് നൽകുകയായിരുന്നു.
എ.എസ്.കനാലിനു കുറുകെയുളള പാലത്തിനു ഉയരംകൂടുതൽ വേണമെന്നുകാട്ടിയാണ് ജലസേചന വകുപ്പ് 11 മാസംമുമ്പ് പൊതുമരാമത്തുവകുപ്പിന് നോട്ടീസ് നൽകിയത്. 45 ശതമാനത്തോളം പ്രവർത്തനങ്ങൾ പൂർത്തിയായ ഘട്ടത്തിലായിരുന്നു ഈ നടപടി. ഇതിനെതിരെ ഔദ്യോഗിക തലത്തിൽ നടന്ന ചർച്ചകൾ ലക്ഷ്യം കാണാതെ വന്നതോടെയാണ് മന്ത്റിതല ചർച്ചകൾ നടത്തിയത്.

വിലങ്ങു തടിയായി സാങ്കേതിക തടസം

10 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞാണ് 2022 ജൂൺ 6ന് പാലം നിർമ്മാണം ആരംഭിച്ചതെങ്കിലും സാങ്കേതിക തടസങ്ങൾ വിലങ്ങുതടിയായി. ഇതിനിടെ കോൺഗ്രസും ബി.ജെ.പിയും നിരവധി തവണ സമരങ്ങൾ നടത്തിയിരുന്നു. പാലം നിർമ്മാണത്തിനായി നഗരത്തിൽ വരുത്തിയ ഗതാഗത ക്രമീകരണങ്ങളും ആകെ താളം തെ​റ്റി. ഇന്നലെ മന്ത്റി പി.പ്രസാദ് നിർമ്മാണ സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. നഗരത്തിന്റെ വികസനം നടക്കരുതെന്നു ചിന്തിക്കുന്നവരാണ് അനാവശ്യ പ്രതിഷേധങ്ങൾ ഉയർത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

അവസാനിക്കാതെ പ്രതിഷേധം

സെന്റ് മേരീസ് പാലം നിർമ്മാണം പുനരാരംഭിച്ചത് വിലയിരുത്താൻ മന്ത്റി പി.പ്രസാദ് എത്തിയപ്പോൾ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകരും എത്തി. മന്ത്രി മടങ്ങിയപ്പോൾ ക്യാമ്പ് ഓഫീസിലേക്കും പ്രവർത്തകർ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ,ജനറൽ സെക്രട്ടറിമാരായ അരുൺ കെ.പണിക്കർ,പി.പ്രശാന്ത്,ഈസ്​റ്റ് മേഖലാ പ്രസിഡന്റ് ആശ മുകേഷ്, ധനീഷ്‌ കുമാർ,രസ്ന,ശശികല,അനിൽ,ശശിധരൻ പിള്ള എന്നിവർ പങ്കെടുത്തു.

എല്ലാ തടസങ്ങളും മാറി. നാലുമാസത്തിനുള്ളിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കും..ഓരോ പുരോഗതിയും വിലയിരുത്തും.ഇതിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പടുത്തി

- മന്ത്റി പി.പ്രസാദ്