
ചേർത്തല : താലൂക്ക് ആശുപത്രിയിൽ എക്സറേ മെഷിന്റെ അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനായുള്ള കരാറിലെ ഇടപെടലുകളുടെ പേരിൽ വിവാദം. ജീവനക്കാർ തമ്മിലുയർന്ന തർക്കം പരാതിയായതോടെ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഏതാനും ജീവനക്കാരെ ചേർത്തല പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മൊഴിയെടുത്തിരുന്നു.
എ.കെ.ആന്റണിയുടെ എം.പി ഫണ്ടിൽ നിന്ന് ആശുപത്രിക്ക് ഡിജിറ്റൽ എക്സ് റേ മെഷിനും, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീനും വാങ്ങുന്നതിനായി 2019ൽ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു.കെട്ടിടം ചേർത്തല നഗരസഭ നിർമ്മിച്ചു നൽകി. റേഡിയോഗ്രാഫി മെഷനറിക്കായുള്ള കരാറിലാണ് ഇടപെടൽ വിവാദം ഉയർന്നത്. കരാറിനു മുമ്പ് അവധിദിനത്തിൽ പ്രത്യേക കമ്പനിയുടെ പ്രതിനിധി ആശുപത്രിയിലെത്തിയതാണ് തർക്കങ്ങൾക്കിടയാക്കിയത്.ഇയാളുടെ സന്ദർശനം ഓഫീസിലെ ഭിന്നശേഷിക്കാരനായ താത്ക്കാലിക ജീവനക്കാരൻ മൊബൈലിൽ പകർത്തിയിരുന്നു. എന്നാൽ ആശുപത്രിയിലെ ഏതാനും ജീവനക്കാർ, താത്ക്കാലിക ജീവനക്കാരൻ അറിയാതെ ഫോണിൽ നിന്ന് ഈ ഫോട്ടോകൾ നീക്കം ചെയ്തതാണ് പരാതിക്കിടയാക്കിയത്.ഇതിൽ നടപടി ആവശ്യപെട്ട് താത്ക്കാലിക ജീവനക്കാരൻ ആദ്യം ചേർത്തല പൊലീസിലും പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും പരാതിനൽകി.ആശുപത്രി അധികൃതർക്കു നൽകിയ പരാതിയിൽ നടപടിയില്ലാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്.
ജീവനക്കാരനെ പുറത്താക്കാൻ നീക്കം
പരാതിനൽകിയ ഭിന്നശേഷിക്കാരനായ താത്ക്കാലിക ജീവനക്കാരനെ പുറത്താക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര അച്ചടക്കകമ്മിറ്റിയുടെ അന്വേഷണത്തെ തുടർന്ന് ഇയാൾക്ക് ശാസന നൽകിയതായാണ് വിവരം.എന്നാൽ ജീവനക്കാരൻ കരാറിലെ ഇടപെടലുകൾ കാട്ടി നൽകിയ ഗൗരവമായ വിഷയത്തിൽ അന്വേഷണം നടത്താത്തതിനെതിരെ പലയിടത്തുനിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റു പലരും പരാതിയുമായി രംഗത്തുവരുമെന്നാണ് അറിയുന്നത്.
നിലവിലെ സംഭവങ്ങൾ നഗരസഭയുടെ ശ്രദ്ധയിൽ വന്നിട്ടില്ല. ഇതിലെ വസ്തുതകൾ പരിശോധിക്കും.അനാവശ്യ വിവാദങ്ങളും തർക്കങ്ങളും അംഗീകരിക്കില്ല.
-ഷേർളി ഭാർഗവൻ,ചെയർപേഴ്സൺ, ചേർത്തല നഗരസഭ