ഹരിപ്പാട്: അന്താരാഷ്ട്രസമുദ്ര ദിനത്തോടനുബന്ധിച്ച് ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ സംഘടിപ്പിച്ച തീരശുചീകരണത്തിൽ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ സുവോളജി വിഭാഗവും ആറാട്ടുപുഴ എം. യു.യു.പി. സ്കൂളും പങ്കെടുത്തു. തൃക്കുന്നപ്പുഴ കടൽത്തീരം ശുചീകരിക്കൽ തൃക്കുന്നപ്പുഴ എസ്.ഐ സുധീഷ് ടി. കെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .വിനോദ് കുമാർ, വാർഡ് മെമ്പർ ലെഞ്ചു സതീഷ്, മുൻ വാർഡ് മെമ്പർ സുധീഷ്, എം.യു.യു.പി .സ്കൂൾ ഹെഡ്മിസ്ട്രസ് ജയ പി.വി തുടങ്ങിയവർ സംസാരിച്ചു. ടി.കെ.എം.എം. കോളേജ് റിട്ട. പ്രൊഫസർ പി. ശ്രീമോൻ പാരിസ്ഥിതിക സംരക്ഷത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു. സുവോളജിവിഭാഗം മേധാവി ഡോ. ഷീല എസ്. സ്വാഗതവും അസോസിയേഷൻ സെക്രട്ടറി പാർവതി വേണുഗോപാൽ നന്ദിയും പറഞ്ഞു. ശുചീകരണത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, കോസ്റ്റൽ പൊലീസ്, ഹരിത കർമ്മസേന, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.