
മാന്നാർ: ഭർത്താവിനോടുള്ള വിദ്വേഷം തീർക്കാൻ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടമ്പേരൂർ സ്വദേശിനി അനീഷയെ (32) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഗൾഫിലുള്ള ഭർത്താവ് നജീബുദ്ദീന് അയച്ചു കൊടുക്കുകയായിരുന്നു. നജിബുദ്ദീൻ ഇത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അനീഷയുടെയും തിരുവനന്തപുരം സ്വദേശി നജിബുദ്ദീന്റെയും മൂന്നാം വിവാഹമാണിത്. ഇയാൾ നാലാമതായി മറ്റൊരു വിവാഹം കഴിച്ചതിൽ മനംനൊന്താണ് അനീഷയുടെ ക്രൂരത. ഇവരുടെ അയൽവാസിയിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് മാന്നാർ സ്വദേശി പി.എ.അൻവർ ജില്ലാ പൊലീസ് മേധാവിയേയും ശിശു സംരക്ഷണ സമിതിയെയും അറിയിച്ചു. ഇന്നലെ പുലർച്ചെ പൊലീസ് വീട്ടിലെത്തി അനീഷയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാലാവകാശ കമ്മീഷനും കേസെടുത്തു.