
വള്ളികുന്നം: കാൽക്കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തികൾ ടെൻഡർ ചെയ്തെങ്കിലും മഴയെ തുടർന്ന് നിർമ്മാണം തടസപ്പെട്ടതോടെ വള്ളികുന്നം പടയണിവെട്ടം- കണ്ണനാകുഴി റോഡ് ചെളിക്കുണ്ടായി. വളളികുന്നം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിനെ താമരക്കുളം പഞ്ചായത്തിലെ കണ്ണനാകുഴിയുമായി ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുർഗതി. പ്രസിദ്ധമായ വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രം, പടയണിവെട്ടം ദേവീ ക്ഷേത്രം, പടയണിവെട്ടം ഗവ.എൽ.പി.എസ്, കണ്ണനാകുഴി ഗവ. എൽ.പി.എസ്, പുഞ്ചവാഴ്ക പുഞ്ച, കടുവിനാൽ സർവീസ് സഹകരണ സംഘം, ഓച്ചിറ- താമരക്കുളം , കായംകുളം - പുനലൂർ റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിന് പ്രദേശവാസികളുടെ ആശ്രയമാണ് റോഡ്. പുഞ്ചവാഴ്ക പുഞ്ചയിലെ ചൂരകലുങ്ക് വരെയുള്ള രണ്ട് കിലോമീറ്ററോളം സ്ഥലമാണ് തകർന്നുകിടക്കുന്നത്. വർഷങ്ങളായി തകർന്നുകിടന്ന കണ്ണനാകുഴി റോഡ് താമരക്കുളം ഗ്രാമപഞ്ചായത്ത് രണ്ട് തവണയായി ഗതാഗത യോഗ്യമാക്കിയിരുന്നു. റോഡ് നിർമ്മാണത്തിനുള്ള ക്വാറിവേസ്റ്റുൾപ്പെടെ സ്ഥലത്ത് ഇറക്കിയെങ്കിലും കാലവർഷത്തിന് മുന്നേ ശക്തമായ വേനൽ മഴയാണ് വില്ലനായത്. അടുത്തിടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ സ്ഥാപിച്ച ഇവിടെ പൈപ്പ് ലൈനിനായി തുരന്ന കുഴി മണ്ണ് വീണ് ഉറയ്ക്കാത്തതും റോഡ് പണി ആരംഭിക്കുന്നതിന് തടസമായി. മഴ കനത്തതോടെ റോഡിലെ കുഴികളെല്ലാം ചെളിക്കുണ്ടുകളും കുളങ്ങളുമായി രൂപാന്തരപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ക്വാറി വേസ്റ്റുപയോഗിച്ച് കുഴികൾ നികത്തി താത്കാലികമായെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
......
# കലുങ്കും അപകടാവസ്ഥയിൽ
റോഡിനൊപ്പം പുഞ്ചവാഴ്കപുഞ്ചയിലെ വെള്ളമൊഴുകി പോകുന്നതിന് വർഷങ്ങൾക്ക്മുമ്പ്, റോഡിന് കുറുകെ സ്ഥാപിച്ചിട്ടുള്ള കലുങ്കും അപകടാവസ്ഥയിലാണ്. പഞ്ചായത്തിൽ നിന്ന് റോഡ് നവീകരണത്തിന് മാത്രമാണ് നിലവിൽ ഫണ്ട് അനുവദിച്ചിരിക്കുന്നത്.ഭാരവാഹനങ്ങളും മറ്റും കടന്നുപോകുമ്പോൾ വർഷങ്ങൾ പഴക്കമുള്ള കലുങ്ക് തകർന്നാൽ വൻ അപകടത്തിനാകും വഴിവയ്ക്കുക.
.........................
'' റോഡ് നവീകരിക്കുന്നതിനായി കാൽക്കോടി രൂപയുടെ വർക്ക് ടെൻഡർ ചെയ്തിട്ടുണ്ട്. കാലവർഷത്തിന് മുമ്പേ വേനൽ മഴയിൽ റോഡ് വെള്ളക്കെട്ടായതാണ് നിർമ്മാണത്തിന് തടസമായത്. ജപ്പാൻ കുടിവെള്ള പദ്ധതിക്കായി തുരന്ന റോഡ് ഉറച്ചശേഷം നവീകരണജോലികൾ ആരംഭിക്കും.
ജെ.രവീന്ദ്രനാഥ്, ചെയർമാൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി