wast

ആലപ്പുഴ: പുന്നമട ഫിനിഷിംഗ് പോയിന്റിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മൂക്കുപൊത്താതെ കടന്നുപോകാനാകില്ല. അത്രയ്ക്കുണ്ട് അഴുകിയ മാലിന്യത്തിന്റെ രൂക്ഷഗന്ധം. ഫിനിഷിംഗ് പോയിന്റെ തെക്കേ അറ്റത്തെ സ്ഥിരം ഇരിപ്പിടങ്ങളുടെ ഭാഗത്താണ് മാലിന്യം കൂടിക്കിടക്കുന്നത്. മാലിന്യ ശേഖരണത്തിന് ഇവിടെ ബിൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭക്ഷാവശിഷ്ടങ്ങളും മറ്റും

പ്രദേശമാകെ ചിതറിക്കിടക്കുകയാണ്. മഴ കനത്തതോടെ സ്ഥിതി വഷളായി. മാലിന്യം ഒഴുകി വിനോദസഞ്ചാരികളുടെ നടപ്പാതയിൽ വരെയെത്താറുണ്ട്. വേലിയേറ്റത്തിൽ പോളയും മാലിന്യവും പടിക്കെട്ടുകളിൽ നിറഞ്ഞ് കിടക്കുന്നതും പതിവാണ്. കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കം ചെയ്യാത്തത് കാരണമാണ് ഇത്തരത്തിൽ ഇവിടം വൃത്തികേടാകുന്നതെന്ന് ഹൗസ് ബോട്ട് ജീവനക്കാർ പറയുന്നു.

പ്ലാസ്റ്റിക്ക് മാലിന്യത്തിന് പുറമേ, ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നത് കാരണം ദിവസങ്ങളോളം മാലിന്യനീക്കം വൈകുന്നത് അസഹ്യമായ ദുർഗന്ധത്തിനിടയാക്കും. ഇത് സഞ്ചാരികളിൽ വലിയ അവമതിപ്പുണ്ടാക്കുമെന്നതിൽ സംശയമില്ല.വേലിയേറ്റ സമയത്ത് ഹൗസ് ബോട്ട് ജീവനക്കാർ ഈ ഭാഗത്ത് കല്ലിട്ട് പടിക്കെട്ട് ഉയർത്തിയാണ് വിനോദ സഞ്ചാരികളെ ബോട്ടിലേക്ക് കയറ്റുന്നത്.

സുഹൃത്ത് സർവീസിൽ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷത്തിൽ പങ്കെടുക്കാനാണ് ഹൗസ് ബോട്ട് യാത്രയ്ക്കെത്തിയത്. എന്നാൽ മനസിലുള്ളതിന് വിരുദ്ധമായ കാഴ്ചയാണ് എതിരേറ്റത്. മാലിന്യം ചിതറി പ്രദേശമാകെ ദുർഗന്ധം പരത്തുന്ന നിലയിലായിരുന്നു. വളരെ മോശം

- വിപിൻദാസ്, പത്തനംതിട്ട