
മാന്നാർ: ഐതിഹ്യപ്പെരുമയിൽ നിറഞ്ഞ് നിൽക്കുന്ന മാന്നാർ കുരട്ടിക്കാട് തന്മടിക്കുളത്തിന്റെ നവീകരണത്തിൽ പ്രതീക്ഷയർപ്പിച്ച് നാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള മേജർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിനു കിഴക്ക് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ചരിതപ്രാധാന്യമുള്ള തന്മടിക്കുളം എത്ര രൂക്ഷമായ വരൾച്ചയിലും ജലം വറ്റാത്ത കുളമാണ്. നാലേക്കർ വിസ്തൃതിയുള്ള തന്മടിക്കുളം, മന്ഥാതാവ് ചക്രവർത്തി കൃതായുഗത്തിൽ യാഗത്തിനായി കുഴിച്ചതാണെന്നാണ് വിശ്വാസം. യാഗത്തിന് ജലത്തിനായി എത്ര കുഴിച്ചിട്ടും കിട്ടാതായപ്പോൾ ഇതിലേക്ക് ഇറങ്ങി കുഴിക്കാൻ ആവശ്യപ്പെട്ട് ക്രോഷ്ഠ മുനി ധ്യാനനിരതനായി ഇരിക്കുകയും , മുനിയുടെ നിർദേശാനുസരണം കുഴിച്ചപ്പോൾ ശക്തമായ ഉറവയുണ്ടാവുകയായിരുന്നു. മുനിശ്രേഷ്ഠന്റെ മടിയിൽ വരെ ജലമെത്തിയെന്നും ഇതിനാൽ തൻമടിക്കുളം എന്നറിയപ്പെടുകയും ചെയ്തുവെന്നാണ് ഐതിഹ്യം. പിന്നീടത് ലോപിച്ച് തന്മടിക്കുളമെന്നായി.
തൃക്കുരട്ടി മഹാദേവർ ക്ഷേത്രവളപ്പിലെ നക്ഷത്ര വനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാന്നാറിൽ എത്തിയ ദേവസ്വം പ്രസിഡന്റ് ഇക്കാര്യം ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥിനോട് സൂചിപ്പിച്ചപ്പോൾ ദേവസ്വം ബോർഡിന്റെ അനുമതി ലഭിച്ചാൽ പദ്ധതിക്ക് ആവശ്യമായ സഹായം നൽകുമെന്ന് ശാലിനി രഘുനാഥ് അറിയിച്ചു.
..........
#കുട്ടനാട് പാക്കേജിൽ പുനർജ്ജന്മം
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഖിലകേരള രാമായണമേളയുടെ സമാപന സമ്മേളനത്തിനെത്തിയപ്പോൾ തൃക്കുരട്ടി മഹാദേവ സേവാസമിതി നൽകിയ നിവേദനത്തെ തുടർന് 2014-15ൽ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് തന്മടിക്കുളത്തിന് പുനർജ്ജന്മം ലഭിച്ചത്. നവീകരിച്ച കുളത്തിന്റെ സമർപ്പണം 2015 ജൂണിൽ പി.സി വിഷ്ണുനാഥ് എം.എൽ.എയാണ് നിർവഹിച്ചത്. പിന്നീട് കുളക്കരയിലെ മണ്ണൊലിപ്പ് തടയുന്നതിനായി 2018-19ൽ മാന്നാർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ,സംസ്ഥാന കയർ കോർപറേഷന്റെ സാങ്കേതിക സഹായത്തോടെ 2131 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ള ജലസ്രോതസ് സംരക്ഷിക്കുന്നതിനായി കുളക്കരയിൽ കയർഭൂവസ്ത്രം അണിയിക്കുകയുണ്ടായി.
.........
'' തന്മടിക്കുളത്തിന്റെ ചരിതപ്രാധാന്യം നിലനിറുത്തി അതിരുകൾ സംരക്ഷിക്കുവാൻ ദേവസ്വം ബോർഡ് മുൻകൈയെടുക്കും.
ജൈവ വൈവിധ്യ പാർക്ക്, പ്രഭാത സവാരിക്കും വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം സ്വസ്ഥമായി ഇരിക്കുവാനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനും ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പദ്ധതികൾ തയ്യാറാക്കും.
പി.എസ്. പ്രശാന്ത് ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്