ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ആധുനിക ഒ.പി ബ്ലോക്ക് ആഗസ്റ്റ് മാസം നാടിന് സമർപ്പിക്കും. 140കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ബ്ലോക്കിലേക്ക് ആവശ്യമായ ഫർണീച്ചർ, യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള കാലതാമസമാണ് ഉദ്ഘാടനം വൈകുന്നത്. ഇതിന് ആവശ്യമായ ഫണ്ട് കിഫ്ബി അനുവദിച്ചിരുന്നു. ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ തീരമേഖലയിലെ ജനങ്ങൾക്ക് വലിയ ഗുണകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ നിലവാരത്തിലുള്ള പുതിയ കെട്ടിട സമുച്ചയത്തിൽ വൈദ്യുതി, കുടിവെള്ളം, അനുബന്ധ റോഡുകൾ, ലിഫ്റ്റുകൾ, ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ നിർമ്മാണം പൂർത്തിയായി. ആശുപത്രിയിൽ സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) എത്തിക്കേണ്ടത്. ഇതിൽ ചില ഉപകരണങ്ങൾ എത്തിക്കുകയും അത് സ്ഥാപിക്കുകയും ചെയ്തു. പുതിയ ബ്ലോക്കിലേക്ക് ആവശ്യമായ ജീവനക്കാരുടെ തസ്തിക അനുവദിച്ചാൽ മാത്രമേ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാത്ത് ലാബിന്റെ പ്രയോജനം രോഗികൾക്ക് ലഭിക്കുകയുള്ളു. രണ്ടായിരത്തോളം രോഗികളാണ് പ്രതിദിനം ഒ.പി വിഭാഗത്തിലെത്തുന്നത്.

..........

# സ്വകാര്യ ആശുപത്രിയെ വെല്ലും

സ്വകാര്യ ആശുപത്രികളെക്കാൾ മികച്ച സൗകര്യത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. ആശുപത്രിയുടെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങളെ ഒറ്റ കെട്ടിടത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലോക്ക് നിർമ്മിച്ചത്. കാത്ത് ലാബ് സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായി ഹൈ ടെൻഷൻ സബ് സ്റ്റേഷന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.