ഹരിപ്പാട്: പരീക്ഷ പേപ്പർ പരിശോധിച്ച അധ്യാപകന്റെ അശ്രദ്ധ മൂലം എസ്.എസ്.എൽ.സി പരീക്ഷയിൽ വിദ്യാർത്ഥിക്ക് നഷ്ടപ്പെട്ട് ഏഴ് മാർക്ക്. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കൂട്ടുങ്കൽ വീട്ടിൽ സാബു രജി ദമ്പതികളുടെ മകൾ അനയ ആർ. സാബുവിന് മാർക്ക് നഷ്ടപ്പെട്ടത് . തുടർ പഠനത്തിനുള്ള നടപടികൾ ആരംഭിച്ച ഘട്ടത്തിലും മാർക്കിന്റെ കാര്യത്തിൽ തീരുമാനമാകാത്തത് അനയയേയും രക്ഷിതാക്കളേയും സങ്കടത്തിലാക്കുന്നു. നഷ്ടപ്പെട്ട മാർക്ക് തിരികെ കിട്ടാനുള്ള ഓട്ടത്തിലാണ് അവർ. നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം സ്കൂളിൽ നിന്ന് ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമായി അനയ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചത്. സോഷ്യൽ സയൻസിനാണ് ബി പ്ലസ് ഗ്രേഡ് ലഭിച്ചത്. 400 രൂപ ചെലവഴിച്ച് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകി. എന്നാൽ ലഭിച്ച മാർക്കിൽ മാറ്റമില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നിട്ടും അനയ പിന്മാറിയില്ല. ഉയർന്ന ഗ്രേഡ് ലഭിക്കുമെന്ന് ആത്മവിശ്വാസം ഉള്ളതിനാൽ 200 രൂപ വീണ്ടും അടച്ച് ഉത്തരപേപ്പറിന്റെ പകർപ്പെടുത്തു. അപ്പോഴാണ് പരീക്ഷാ പേപ്പർ പരിശോധിച്ച അദ്ധ്യാപകന്റെ പിഴവുമൂലം ഏഴ് മാർക്കിന്റെ കുറവ് വന്നതായി കണ്ടെത്തിയത്. ഏഴു മാർക്ക് കൂടി ലഭിക്കുമ്പോൾ നിലവിലുള്ള ബി പ്ലസ് ഗ്രേഡ് എ ഗ്രേഡായി മാറും. ഉത്തരത്തിന്റെ ഭാഗത്ത് ഇട്ട മാർക്ക് സ്കോർ ഷീറ്റിലേക്ക് പകർത്തി എഴുതാതിരുന്നതാണ് കാരണം അനയയുടെ പിതാവ് പരീക്ഷാഭവനുമായി ബന്ധപ്പെടുകയും അവർ പറഞ്ഞതനുസരിച്ച് മെയിൽ അയക്കുകയും ചെയ്തു. കൂടാതെ അയന ഒപ്പിട്ട പരാതിയും ബന്ധപ്പെട്ട രേഖകളും മെയിൽ മുഖാന്തരം പരീക്ഷ ഭവനിലേക്ക് അയച്ചിട്ടുണ്ട്. ഫസ്റ്റ് അലോട്ട്മെന്റ് നടപടികൾ പൂർത്തീകരിച്ചിട്ടും മാർക്കിന്റെ കാര്യത്തിൽ തീരുമാനം ആകാത്തത് അയനയെ സങ്കടത്തിലാക്കുന്നു. ആദ്യ അലോട്ട്മെന്റിൽ അഞ്ചാമത്തെ സ്കൂളാണ് അനുവദിച്ചു കിട്ടിയത്. നടപടി വൈകിയാൽ താനാഗ്രഹിച്ച സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാതെ പോകുമോയെന്ന സങ്കടം അനയക്കുണ്ട്.