
മാന്നാർ : പാവുക്കര കടപ്രമഠം ജംഗ്ഷനിൽ ട്രാൻസ്ഫോമറിനോട് ചേർന്ന് നടത്തുന്ന മത്സ്യക്കട മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി മാന്നാർ സെക്ഷൻ അസി.എൻജിനിയർ ഉടമകൾക്ക് നോട്ടീസ് നൽകി. മത്സ്യക്കച്ചവടം നടത്തുന്ന മാന്നാർ നാൽപ്പത്തഞ്ചിൽ ലീലാമ്മ, ജയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ട്രാൻസ്ഫോമറിനോട് ചേർന്ന് ഹൈടെൻഷൻ ലൈൻ പോസ്റ്റിനും സ്റ്റേവയറിനും തകര ഷീറ്റിട്ട് ഷെഡ് കെട്ടിയാണ് മത്സ്യ കച്ചവടം. ട്രാൻസ് ഫോമറിൽ നിന്ന് എർത്ത് കൊടുത്തിരിക്കുന്നതും ഈ ഷെഡിനോട് ചേർന്നാണ്. മഴക്കാലത്ത് അപകടകരമായ സ്ഥിതിയാണുള്ളത്. നോട്ടീസിന്റെ സമയ പരിധി കഴിഞ്ഞിട്ടും ഇത് മാറ്റത്തതിനാൽ തുടർനടപടികൾക്കൊരുങ്ങുകയാണ് അധികൃതർ. . മാന്നാർ സെക്ഷന്റെ പരിധിയിൽ വൈദ്യുതി ലൈനിന് സമീപം അപകടകരമായ നിലയിൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചവർക്കും മറ്റ് നിർമ്മാണങ്ങൾ നടത്തിയുള്ളതുമായ ഇരുപതോളം പേർക്ക് നോട്ടീസ് നൽകിയതായി അധികൃതർ പറഞ്ഞു. ദുരന്ത നിവാരണ അതോറിട്ടിയേയും വിവരം ധരിപ്പിച്ചിട്ടുണ്ട്.
......
'' 18 വർഷമായി തങ്ങൾ ഇവിടെ മത്സ്യകച്ചവടം നടത്തിവരികയാണ്. ഈ വിവരം മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്. -മത്സ്യക്കച്ചവടക്കാർ