dsdf

മുഹമ്മ: വീട്ടിലിരുന്ന് മുളം തണ്ടിൽ ഊതി പഠിച്ച കെ.ജെ.അമൽനന്ദ് ഇന്ന് നാട്ടിലെ അറിയപ്പെടുന്ന പുല്ലാങ്കുഴൽ വാദകനാണ്. അഞ്ചോളം ഭാഷകളിലെ സിനിമാ പാട്ടുകൾ ഓടക്കുഴലിൽ അനായാസം വായിക്കും. മന്ദാരച്ചെപ്പുണ്ടോ..., മലരേ മൗനമാ...,കള്ളിപ്പൂക്കുയിലേ..., രാമായണക്കാറ്റേ.... തുടങ്ങിയ ഗാനങ്ങൾ പുല്ലാങ്കുഴലിലൂടെ ഒഴുകിയെത്തിയതോടെ പ്ളസ് വൺ വിദ്യാ‌ർത്ഥിയായ അമലിന് പ്രോത്സാഹനവുമായി കൂട്ടുകാരെത്തി.കഴിഞ്ഞ സ്കൂൾ കലോത്സവത്തിന് ആര്യക്കര സ്കൂളിൽ അമൽ പുല്ലാങ്കുഴൽ വായിച്ചത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇതോടെ,​ ഓടക്കുഴൽ ശാസ്ത്രീയമായി പഠിപ്പിക്കമെന്ന് അദ്ധ്യാപകർ അമലിന്റെ രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ആലപ്പുഴ ബിജുവിൽ നിന്ന് അമൽ ഓടക്കുഴൽ പഠിക്കുന്നുണ്ട്.

പള്ളിക്കുന്ന് ക്ഷേത്രോത്സവത്തിന് അമൽ അവതരിപ്പിച്ച പരിപാടിയിലൂടെയാണ് ഈകൊച്ചുമിടുക്കനെ നാട്ടുകാർ തിരിച്ചറിഞ്ഞത്. ആലപ്പുഴ ബീറ്റ്സ് എന്ന ഗാനമേള ട്രൂപ്പിന്റെ പരിപാടിയുടെ ഇടവേളകളിൽ അമൽ ഓടക്കുഴൽ വായിക്കുന്നുണ്ട്. ചിത്രകലയിലും ഭരതനാട്യത്തിലും ക്രിക്കറ്റിലും അമൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ലൗ ആൻഡ് ലൈഫ് എന്ന സിനിമയിലും സൺഡേ സ്കൂൾ എന്ന ടെലിഫിലിമിലും അഭിനയിച്ചിട്ടുണ്ട്.

നവോത്ഥാന ക്രിയേഷൻസിന്റെ അവാർഡ്, നവോത്ഥാന സംസ്കൃതിയുടെ അവാർഡ്, കുഞ്ഞുണ്ണിമാഷിന്റെ പേരിലുള്ള അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ അമൽനന്ദിനെ തേടിയെത്തിയിട്ടുണ്ട്. സജി സ്വരരാഗിൽ നിന്ന് സംഗീതവും റോയിയിൽ നിന്ന് ചിത്രകലയും പഠിച്ചിട്ടുള്ള അമൽ,​ കഥകളി, കോൽക്കളി കലാകാരന്മാരുടെ കുടുംബത്തിലാണ് ജനിച്ചത്.

അമലിന്റെ അനുജൻ കെ.ജെ.അഭിനവ് നന്ദ് വയലിൻ വിദ്യാർത്ഥിയാണ്. മുഹമ്മ മുക്കാൻവെട്ടം ക്ഷേത്രത്തിന് സമീപം കന്നിട്ടയിൽ ജ്യോതിഷ്- സീമ ദമ്പതികളുടെ മകനാണ് അമൽനന്ദ്.

വഴിത്തിരിവായ

കൊവിഡ് കാലം

ഓടക്കുഴൽ വാദകനാകണമെന്ന മോഹം വളരെ ചെറുപ്പത്തിൽ തന്നെ അമൽനന്ദിന്റെ മനസിലുറച്ചിരുന്നു. എന്നാൽ,​ അത് സ്കൂൾ പഠനത്തിന് തടസമാകുമെന്ന് കരുതി രക്ഷിതാക്കൾ സമ്മതിച്ചിരുന്നില്ല. അപ്പോഴാണ് കൊവിഡും തുടർന്ന് ലോക് ഡൗണും വന്നത്. വീട്ടിൽ അടച്ചിരുന്നപ്പോൾ യുട്യൂബിൽ നിന്ന് പുല്ലാങ്കുഴലിന്റെ സ്വരസ്ഥാനങ്ങളും രീതികളും ആറാം ക്ലാസ് വിദ്യാത്ഥിയായ അമൽനന്ദ് മനസിലാക്കി. തുടർന്ന് ഓൺലൈനായി ഓടക്കുഴൽ വാങ്ങി സ്വയം പരിശീലനം തുടങ്ങി. ആദ്യമൊന്നും വിരലുകൾ വഴങ്ങിയില്ല. എന്നാൽ,​ നിരന്തര പരിശീലനത്തിനൊടുവിൽ മുളംതണ്ടിൽ നിന്ന് മധുരസംഗീതം ഒഴുകിത്തുടങ്ങി.