
അരൂർ: ബൈക്ക് മോഷണ കേസിൽ സഹോദരങ്ങളടക്കം 3 യുവാക്കൾ പിടിയിലായി. അരൂർ അറക്കമാളിയേക്കൽ വീട്ടിൽ അശ്വിൻ (18) , അരൂർ ചക്കാലപ്പറമ്പിൽ അലൻ (21), അലന്റെ സഹോദരൻ ആഷിൽ (20) എന്നിവരെയാണ് അരൂർ എസ്.ഐ ഗീതുമോളും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 2 ന് പുലർച്ചേ ഒന്നോടെ പെരുമ്പടപ്പ് സ്വദേശിയുടെ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് അരൂർ ക്ഷേത്രം ജംഗ്ഷന് സമീപത്തു നിന്ന് ഇവർ മോഷ്ടിച്ചത്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. മോഷ്ടിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.