
കായംകുളം: കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ അഭിമാനമായ തെങ്കാശി ബസ് സർവ്വീസിന് ഒന്നര പതിറ്റാണ്ടിന്റെ തിളക്കം. കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ആദ്യ അന്തർ സംസ്ഥാന സർവ്വീസ് ആയ തെങ്കാശി സർവ്വീസ് ആരംഭിച്ചിട്ട് 15 വർഷങ്ങളായി.
2009 ജൂൺ 9നായിരുന്നു കായംകുളത്ത് നിന്ന് തെങ്കാശിയിലേക്കുള്ള ആദ്യ സർവ്വീസ് . ആർ.എ.കെ 39 എന്ന ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു സർവീസിന് ഉപയോഗിച്ചത്. തെൻമലയിലേക്കും പാലരുവിയിലേക്കും കുറ്റാലത്തേക്കുമൊക്കെ പോകാൻ വിനോദ സഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന സർവ്വീസാണിത്. കായംകുളം - പുനലൂർ റോഡ് വഴിയാണ് കായംകുളം - സർവ്വീസ്. കായംകുളം, ചാരുംമൂട്, അടൂർ, പത്തനാപുരം,പുനലൂർ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട വഴി തെങ്കാശിയിൽ എത്തും. കായംകുളത്ത് നിന്നും തെങ്കാശിയിലേക്ക് രാവിലെ 06.10നും ഉച്ചയ്ക്ക് 02.30നും ബസ് പുറപ്പെടും. തെങ്കാശിയിൽ നിന്നും കായംകുളത്തേക്ക് രാവിലെ 10.20നും വൈകിട്ട് 06.40നുമാണ് സർവ്വീസ്.