ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിലെ മണ്ണ് പ്രതിസന്ധിക്ക് പരിഹാരമായി തോട്ടപ്പള്ളി ലീഡിംഗ് കനാലും അഷ്ടമുടിക്കായലും ഡ്രഡ്ജ് ചെയ്യാൻ നീക്കം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
നീങ്ങുന്നതോടെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയോടെ ഡ്രഡ്ജിംഗിനുള്ള നടപടികൾ ആരംഭിക്കും.
ഖനനത്തിന് പാരിസ്ഥിതികാനുമതി നിർബന്ധമാക്കുന്ന ഉത്തരവിൽ നിന്ന് ദേശീയ പാത നിർമ്മാണത്തിന് സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും വേനൽ മഴയുടെയും കാലവർഷത്തിന്റെയും പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിട്ടി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം നിലനിൽക്കുന്നതിനാൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഖനനത്തിന് അനുമതി നൽകാത്തതാണ് മണ്ണ് ക്ഷാമം തുടരാൻ കാരണം. 2025ൽ നവംബറിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ദേശീയപാതയുടെ കരാർ.ആറ് റീച്ചുകൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നിട്ടുണ്ട്. ശേഷിക്കുന്ന പതിനേഴ് റീച്ചുകളിലാണ് മണ്ണ്ക്ഷാമം പ്രതിസന്ധിയായത്.
കുന്നുകളിടിച്ച് മണ്ണെത്തിക്കാനുള്ള ശ്രമം മാവേലിക്കരയിലെ നൂറനാട് മറ്റപ്പള്ളിയിലുൾപ്പെടെ പലയിടത്തും കേസുകൾക്കും പ്രാദേശിക എതിർപ്പുകൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് ഡ്രഡ്ജിംഗിനെ ആശ്രയിക്കാൻ ശ്രമം നടക്കുന്നത്.
അഷ്ടമുടിക്കായലും തോട്ടപ്പള്ളി ലീഡിംഗ് കനാലും ലിസ്റ്റിൽ
1. അതത് ജില്ലകളിൽ നിന്ന് മണ്ണ് ഖനനം ചെയ്യാൻ സമർപ്പിച്ച അപേക്ഷകളിൽ നടപടി വൈകുന്നതും പ്രാദേശിക എതിർപ്പുകളുമാണ് പ്രശ്നം. തുടർന്ന്, കരാർ കമ്പനികളും എൻ.എച്ച്.എ.ഐയും സർക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് ഖനനം ചെയ്യാൻ നീക്കം തുടങ്ങിയത്
2.കഴക്കൂട്ടം-കടമ്പാട്ടുകോണം,കടമ്പാട്ടുകോണം-കൊല്ലം ബൈപ്പാസ്,കൊല്ലം ബൈപ്പാസ്-കൊറ്റുകുളങ്ങര,കൊറ്റുകുളങ്ങര-പറവൂർ,പറവൂർ-തുറവൂർ തെക്ക് റീച്ചുകളിലെ മണ്ണ്ക്ഷാമമാണ് അഷ്ടമുടിക്കായലും തോട്ടപ്പള്ളി ലീഡിംഗ് കനാലും ഡ്രഡ്ജ് ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുന്നത്
3.ആൽത്തറമൂട്- കുരീപ്പുഴ, കടവൂർ- മങ്ങാട്, നീരാവിൽ, നീണ്ടകര തുടങ്ങിയ അഷ്ടമുടിക്കായലിന്റെ കൈവഴികളും ചവറ ടി.എസ്.കനാലും കന്നേറ്റിയിലെ പള്ളിക്കലാറും തോട്ടപ്പള്ളിയിലെ ലീഡിംഗ് കനാലും ആഴംകൂട്ടാനാണ് ശ്രമം
4. കനാലുകളിലെയും പൊഴിമുഖങ്ങളിലെയും ഖനനം ഒഴുക്ക് സുഗമമാക്കുന്നതിനൊപ്പം മൺതിട്ടയിൽ മത്സ്യബന്ധനവള്ളങ്ങളും മറ്റും ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും സഹായകമാകും
5.ഖനനത്തിലൂടെ ശേഖരിക്കുന്ന ലക്ഷക്കണക്കിന് ക്യുബിക്ക് അടി മണ്ണ് ദേശീയ പാത നിർമ്മാണ കമ്പനിക്ക് നൽകുന്നതിലൂടെ കോടികണക്കിന് രൂപ ഖജനാവിലെത്തും. മൈനിംഗ് ആന്റ് ജിയോളജി വിഭാഗവും ദുരന്തനിവാരണ അതോറിട്ടിയും ജില്ലാ ഭരണകൂടങ്ങളും ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം
ദേശീയപാത
തലപ്പാടി മുതൽ കാരോട് വരെ റീച്ചുകൾ : 23
എർത്ത് ഫില്ലിംഗ് നിലച്ച റീച്ചുകൾ : 17
ഓരോ റീച്ചിലും ആവശ്യമായ മണ്ണ്:
20,000 ലക്ഷംമെട്രിക് ടൺ
.............................
മണ്ണില്ലാത്തതിനാൽ പലയിടത്തും പഴയ ദേശീയ പാത പൊളിച്ച് മണ്ണിന് ബദലായി ഉപയോഗിക്കുകയാണ്. തോട്ടപ്പള്ളി ലീഡിംഗ് കനാലും അഷ്ടമുടിക്കായലും ഡ്രഡ്ജ് ചെയ്യാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്
- പ്രോജക്ട് ഡയറക്ടർ, എൻ.എച്ച് വിഭാഗം