ആലപ്പുഴ: സ്കൂൾ തുറപ്പിന് മുന്നോടിയായി തീർപ്പാക്കേണ്ടിയിരുന്ന നഗരത്തിലെ ഗതാഗത പരിഷ്ക്കാരങ്ങളും ക്രമീകരണങ്ങളും വൈകുന്നത് വിദ്യാർത്ഥികൾക്ക് സമ്മാനിക്കുന്നത് ദുരിതയാത്ര. കുഴികൾ യഥാസമയം മൂടാത്തതും, സിറ്റി ഗ്യാസ് ലൈൻ പദ്ധതിക്ക് വേണ്ടിയിറക്കിയ പൈപ്പുകൾ യഥാസമയം പ്രദേശത്ത് നിന്ന് നീക്കം ചെയ്യാത്തതുമാണ് നഗര റോഡുകളിലെ ഗതാഗതപ്രശ്നങ്ങൾക്ക് നിലവിൽ മുഖ്യ കാരണങ്ങൾ. അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നഗരസഭാ തലത്തിലെ പരിഷ്ക്കരണങ്ങളെ കുറിച്ച് ചർച്ച ചെയ്യേണ്ട യോഗം ചേർന്നിട്ടില്ല. മേയ് അവസാനവാരം യോഗം വിളിച്ചിരുന്നെങ്കിലും, കനത്ത മഴയുടെ അടിയന്തര സാഹചര്യത്തിൽ വിവിധ വാർഡുകളിലേക്ക് അധികൃതർക്ക് ശ്രദ്ധ തിരിക്കേണ്ടി വന്നതിനാൽ യോഗം ചേരാനായില്ലെന്നാണ് വിശദീകരണം. ഓരോ അദ്ധ്യയന വർഷത്തിനും മുന്നോടിയായാണ് സാധാരണ നഗരസഭാ ട്രാഫിക്ക് റെഗുലേറ്ററി യോഗം ചേർന്നിരുന്നത്. നഗരസഭാ അധികൃതർ, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ആർ.ടി.സി, ജലഗതാഗത വകുപ്പ്, സൗത്ത് - നോർത്ത് പൊലീസ്, ട്രാഫിക് പൊലീസ്, സ്വകാര്യ ബസ് പ്രതിനിധികൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുക.

.........

# യോഗം അടുത്ത മാസം

മോട്ടോർ വാഹന വകുപ്പ് വിളിച്ച് ചേർക്കേണ്ട സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി യോഗം അടുത്ത മാസം ചേരും. ജില്ലാ കളക്ടറുടെ സൗകര്യാർത്ഥം തീയതി തീരുമാനിക്കുന്നതിനായി ജില്ലാ ആർ.ടി.ഒ അപേക്ഷ സമർപ്പിച്ചു. വിദ്യാർത്ഥികളുടെ കൺസെഷൻ, ബസുകളുടെ സമയം, ദൂരം തുടങ്ങിയ വിഷയങ്ങളാവും കമ്മിറ്റിയിൽ തീരുമാനിക്കുക.

.........

''വിദ്യാർത്ഥികളുടെ പൊതുഗതാഗത യാത്ര സംബന്ധിച്ച യോഗം അടുത്തമാസം ചേരും. കൺസെഷൻ അടക്കമുള്ള പ്രധാന വിഷയങ്ങളാണ് ചർച്ച ചെയ്യുക.

എ.കെ.ദിലു, ആർ.ടി.ഒ