ffgsg

എരമല്ലൂർ: ആകാശപ്പാത നിർമ്മാണത്തിൽ വില്ലനായി കാലവർഷം. ഒരു വരി പാത ചെളിക്കുണ്ടായതിനാൽ ഇരുചക്ര യാത്രക്കാരുടെ അപകടം നിത്യസംഭവമാകുന്നു. അധികാരികളുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് യാത്രക്കാരുടെ ദുരിതത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമ്മാണം ആരംഭിച്ച് വർഷം ഒന്ന് പിന്നിടുമ്പോൾ നൂറു കണക്കിന് അപകടങ്ങളും നിരവധി മരണങ്ങളും സംഭവിച്ചിട്ടും പരിഹാരം കണ്ടെത്താൻ അധികാരികൾ തയ്യാറായിട്ടില്ല. ഉയരപ്പാത തൂണുകൾക്കായി ഡ്രില്ലു ചെയ്ത് കുഴികൾ എടുക്കുമ്പോൾ ,​ കൂട്ടിയിടുന്ന കെമിക്കൽ ലായനിയും ചെളിയും വീടുകളിലേ മുറ്റങ്ങളിലും സമീപത്തെ പറമ്പിലും കെട്ടി നിൽക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു
കഴിഞ്ഞദിവസം ചന്തിരൂർ മൂർത്തിങ്കൽ ശ്രീധരഷേണായ് പൊലീസ് സ്റ്റേഷന് മുന്നിൽ ചെളിയിൽ തെന്നി വീണു കൈയൊടിഞ്ഞു. ഇതേസ്ഥലത്ത് ബൈക്ക് യാത്രക്കാരനായ എഴുപുന്ന സ്വദേശി രാജേഷ് (38) വീണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ബി.അൻഷാദ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.