mochanam

മാന്നാർ: യുവതീ യുവാക്കളിൽ ഉണ്ടാക്കുന്ന പുകവലി, മദ്യപാനം, മയക്കുമരുന്ന്, ഇൻറർനെറ്റ് ദുരുപയോഗം തുടങ്ങിയ അത്യാസക്തികൾ തടയുകയെന്ന ലക്ഷ്യത്തോടെ റോട്ടറി ഇന്റർനാഷണൽ ആവിഷ്കരിച്ച 'മോചനം' പദ്ധതിക്ക് മാന്നാറിൽ തുടക്കമായി. ഇതിന്റെ ഭാഗമായി മാന്നാർ റോട്ടറി ക്ലബിന്റെ പരിധിയിലുള്ള സ്കൂളുകളിൽ അത്യാസക്തികൾക്കെതിരെ യൂത്ത് സന്ദേശം ചിത്രീകരിച്ച ബോർഡുകൾ സ്ഥാപിച്ചു. കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിൽ പാട്ടമ്പലം ദേവസ്വം പ്രസിഡന്റ് ബി.ശ്രീകുമാർ, മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ വി.മനോജ് കുമാർ എന്നിവർ ഉദ്‌ഘാടനം നിർവഹിച്ചു. റോട്ടറി അസി.ഗവർണർ പ്രൊഫ.പ്രകാശ് കൈമൾ, ക്ലബ് പ്രസിഡന്റ് കെ.ജി ഗോപാലകൃഷ്ണപിള്ള, റോട്ടറി സോൺ സെക്രട്ടറി ഷഫീക്ക്, ജോൺ പാപ്പി എന്നിവർ സംസാരിച്ചു.