മാന്നാർ : പൊലീസിനും എക്സൈസിനും വിവരങ്ങൾ നൽകുന്നതായി ആരോപിച്ച് വധഭീഷണി നടത്തുന്നതായി യുവാവ് പൊലീസിൽ പരാതി നൽകി. ബുധനൂർ പതിനാലാം വാർഡ് തോപ്പിൽ ചന്ത, കുന്നേൽ അമ്പിളി ഭവനത്തിൽ സുജിത് കുമാർ (39)ആണ് മാന്നാർ പൊലീസിൽ പരാതി നൽകിയത്. സ്ഥലത്തെ ലഹരി മാഫിയ സംഘത്തിൽപ്പെട്ട രണ്ടുപേർക്കെതിരെയാണ് സുജിത്തിന്റെ പരാതി. കഴിഞ്ഞ ഒരാഴ്ചയായി പലതവണ ഫോണിലൂടെ വധഭീഷണി മുഴക്കിയ സംഘം ഞായറാഴ്ച രാത്രി 10 മണിയോടെ പരുമല തിക്കപ്പുഴയിലുള്ള സഹോദരിയുടെ വീട്ടിലെത്തി സുജിത്തിനെ അന്വേഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് രാത്രി സുജിത്തിന്റെ ബുധനൂരിലെ വീടിന് സമീപത്തെത്തിയ സംഘം തന്റെ ഇരുചക്രവാഹനം തല്ലിത്തകർത്ത് അടുത്തുള്ള ചതുപ്പിൽ താഴ്ത്തിയതായും പറയുന്നു. ഫൈബർ ബോട്ട് നിർമ്മാണ തൊഴിലാളിയായ സുജിത്ത് വീട്ടിലേക്ക് വരുന്ന വഴിയും പരിസരവും മഴപെയ്ത് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാൽ ബൈക്ക് വീടിന് സമീപത്തുള്ള ശുഭാനന്ദാശ്രമത്തിന്റെ പരിസരത്ത് വെച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച ജോലിക്ക് പോകുന്നതിനായി ആശ്രമ പരിസരത്ത് എത്തിയ സുജിത്ത് ബൈക്ക് കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തെ ചതുപ്പിൽ താഴ്ത്തിയ നിലയിൽ ബൈക്ക് കണ്ടെത്തിയത്. സുജിത്തിന്റെ പരാതിയിൽ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. രോഗികളായ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന സുജിത്ത് ലഹരി മാഫിയയുടെ ഭീഷണിയെ തുടർന്ന് ഭീതിയിലാണ്.