photo

ചാരുംമൂട് : നൂറനാട് പഞ്ചായത്തിലെ പാലമൂട് ആഞ്ഞിലിമൂട് റോഡ് തകർന്ന് യാത്രക്കാർ ദുരിതത്തിൽ . ചാരുംമൂട് പാലമൂട്ടിൽ നിന്ന് പടനിലം ഇടപ്പോൺ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള പ്രധാന റോഡാണിത്. പാലമൂട്ടിൽ നിന്ന് ആഞ്ഞിലിമൂട് വരെയുള്ള മൂന്ന് കിലോമീറ്റർ റോഡാണ് ടാറിംഗ് ഇളകി കുണ്ടും കുഴിയുമായി മാറിയത്. ഈ റൂട്ടിൽ അഞ്ച് വർഷത്തിലധികമായി ടാറിംഗ് നടന്നിട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്ക് യാത്രക്കാർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. നൂറനാട് പഞ്ചായത്തിലെ പുതുപ്പള്ളികുന്നം ഇടക്കുന്നം പുലിമേൽ ഭാഗത്ത് ജനങ്ങളുടെ ആശ്രയമാണ് ഈറോഡ് .ചാരുംമൂട്ടിൽ നിന്ന് പടനിലം ക്ഷേത്രത്തിലേക്കും ഇടപ്പോൺ പന്തളം എന്നിവിടങ്ങളിലേക്കും വേഗം എത്തിച്ചേരാവുന്ന ഇടറോഡ് കൂടി ആയതിനാൽ, മറ്റ് പ്രദേശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളും കൂടുതലായി ഈ റോഡിനെ ആശ്രയിക്കുന്നു.

--------

''യാത്രക്കാർ വലിയ ദുരിതത്തിലാണ്. ജനപ്രതിനിധികൾ മുൻകൈ എടുത്ത് അടിയന്തരമായി റോഡ് റീ ടാർ ചെയ്യണം.

-ഗിരിഷ് അമ്മ പ്രസിഡന്റ്,

എസ്.എൻ.ഡി.പി യോഗം

പുതുപ്പള്ളികുന്നം ശാഖ

''ടാറിംഗ് തകർന്ന റോഡ് കഴിഞ്ഞ മഴയോടെ കുണ്ടും കുളവുമായി. ചെറു വാഹനങ്ങൾ കുഴികളിൽ വീണുള്ള അപകടങ്ങളും ഏറുന്നു. റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണം.

-രതീഷ്,ശിവവിലാസം, ഇടക്കുന്നം

പ്രദേശവാസി