കായംകുളം: മഴക്കാല ശുചീകരണ പ്രവർത്തനത്തിന് വേണ്ടത്ര മുൻകരുതലുകൾ എടുക്കുവാൻ നഗരസഭയും വിവിധ പഞ്ചായത്തുകളും തയ്യാറായില്ലെന്ന്, വ്യാപാരി വ്യവസായി ഏകോപനസമിതി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.പി.ഡബ്ല്യു.ഡിയുമായി ചേർന്ന് ഓട നവീകരിക്കുന്നതിന് വേണ്ടത്ര മുൻകരുതലുകൾ എടുത്തില്ല. കായംകുളം നിയോജക മണ്ഡലത്തിലെ ദേശീയപാതയോട് ചേർന്നും അല്ലാതെയുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി പത്ത്‌ ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നും യൂണിറ്റ് കമ്മിറ്റി പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡന്റ് സിനിൽ സബാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.എം.ഷരീഫ്, ബി.ഭദ്രകുമാർ, പ്രഭാകരൻ പത്തിയൂർ, ധനേഷ് കൃഷ്ണ, സുരേഷ് മുഞ്ഞനാട്, ബിജു തമ്പി, വിനോദ് ശക്തി, ബാബുജി കാക്കനാട്, യൂത്ത്‌വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അസിംനാസർ എന്നിവർ സംസാരിച്ചു.