ആലപ്പുഴ: ബോട്ട് ജെട്ടിക്ക് സമീപത്തെ പൊലീസ് ഔട്ട് പോസ്റ്റ് സിവിൽ സ്റ്റേഷന് സമീപത്തേക്ക് മാറ്രിയതോടെ നഗരഹൃദയത്തിൽ പൊലീസ് സഹായത്തിന് കാത്തിരിക്കണം. കോടതിപ്പാലത്തിന് സമീപത്തെ കൺസ്യൂമർ ഫെഡ് മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ യുവാക്കൾ തമ്മിലുണ്ടായ അടിപിടിയിൽ കസ്റ്റഡിയിലെടുത്ത യുവാവുമായി പൊലീസുകാരന് ഏറെ നേരം റോഡിൽ കാത്ത് നിൽക്കേണ്ടിവന്നതാണ് ഒടുവിലത്തെ സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു നഗരത്തെ മുൾമുനയിലാക്കിയ സംഭവങ്ങളുടെ തുടക്കം. കൺസ്യൂമർ ഫെഡിന്റെ മദ്യശാലയിലേക്കുള്ള വഴിയിൽ രണ്ടുപേർ തമ്മിൽ അടിപിടികൂടുന്നത് വഴിയാത്രക്കാരാണ് കോടതിപ്പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ അറിയിച്ചത്. വിവരമറിഞ്ഞയുടൻ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയെങ്കിലും , അടിപിടിയിലുൾപ്പെട്ട ഒരാൾ ഇതിനകം അതുവഴി വന്ന വാഹനത്തിൽ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്നയാളെ പിടികൂടിയെങ്കിലും സ്റ്റേഷനിലേക്ക് മാറ്രുന്നതിനിടെ പൊലീസുകാരനെ ഇയാൾ വട്ടം കറക്കി. കസ്റ്റഡിയിലായ രണ്ടാമനും പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങാൻ ശ്രമിച്ചു. ഈ സംഭവങ്ങളെല്ലാം സൗത്ത് പൊലീസ് സ്റ്റേഷനിലെ കാമറയിൽ കാണാമെങ്കിലും, പത്ത് മിനിട്ടിന് ശേഷമാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്.

..........

# ചട്ടപ്പടിയിൽ ക്യാമറ നിരീക്ഷണം

കോടതി, മിനി സിവിൽ സ്റ്രേഷൻ, താലൂക്ക് ഓഫീസ്,ബോട്ട് ജെട്ടി, ട്രാൻ, സ്വകാര്യ ബസ് സ്റ്റാൻഡുകൾ, തിരക്കേറിയ മുല്ലയ്ക്കൽ തെരുവ് എന്നിവിടങ്ങൾ ഉൾപ്പെടുന്ന നഗര ഹൃദയത്തിൽ അടിയന്തിര ഘട്ടത്തിൽ പൊലീസ് സഹായത്തിന് ഏറെ നേരം കാത്തുനിൽക്കേണ്ട സ്ഥിതിയിണിപ്പോൾ .12ൽ പൊലീസ് സഹായത്തിന് വിളിച്ചാൽ സൗത്ത് , നോർത്ത് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയായതിനാൽ അതിർ‌ത്തി തർ‌ക്കമൊക്കെ പരിഹരിച്ച് പൊലീസെത്തുമ്പോഴേക്കും അക്രമികൾ സുരക്ഷിതരാകുന്ന സ്ഥിതിയാണ്. നഗരത്തിൽ പലയിടത്തും ക്യാമറയുണ്ടെങ്കിലും ദൃശ്യങ്ങൾ നിരീക്ഷിക്കലും നടപടികളുമെല്ലാം ചട്ടപ്പടിയാണെന്നാണ്.

........

'' പൊലീസ് ഔട്ട് പോസ്റ്റ് ഭാഗത്ത് പൊലീസ് പട്രോളിംഗ് വാഹനം ഉണ്ടാകണമെന്ന് നിർദേശിച്ചിട്ടുള്ളതാണ്. പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളും.

-ചൈത്ര തെരേസ ജോൺ, ജില്ലാ പൊലീസ് മേധാവി