മാന്നാർ: യു.ഡി.എഫ് മെമ്പറുടെ വാർഡിലെ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ സമര പ്രഖ്യാപനവുമായി സ്വന്തം മുന്നണി ചെയർമാൻ. മുസ്ലിംലീഗിലെ ഷൈന നവാസ് മെമ്പറായ മാന്നാർ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡിലെ പരുമലക്കടവ്-മുല്ലശ്ശേരിക്കടവ് റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന മുന്നറിയിപ്പാണ് യു.ഡി.എഫ് മാന്നാർ മണ്ഡലം ചെയർമാൻ ടി.കെ.ഷാജഹാൻ നൽകിയിരിക്കുന്നത്. റോഡിന്റെ ഒരു ഭാഗം ഇന്റർലോക്ക് ചെയ്തും ബാക്കി ഭാഗം റീ ടാറിംഗ് നടത്തുന്നതിനുമായി തുക അനുവദിച്ചിട്ട് നാളേറെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇരുചക്ര വാഹനക്കാരും കാൽനടക്കാരുമെല്ലാം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ടെണ്ടർ നടപടികൾക്ക് കാലതാമസമുണ്ടെങ്കിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അടിയന്തര ഫണ്ട് ഉപയോഗിച്ച് തകർന്ന ഭാഗം താത്കാലികമായി നിരപ്പാക്കി സഞ്ചാരയോഗ്യമാക്കണമെന്നുമാണ് ടി.കെ ഷാജഹാന്റെ ആവശ്യം.

സമര ഭീഷണിക്ക് പിന്നിൽ

പടലപ്പിണക്കം: പ്രസിഡന്റ്

പരുമലക്കടവ്-മുല്ലശ്ശേരിക്കടവ് റോഡ് ഈ പഞ്ചായത്ത് ഭരണസമിതി വന്ന ശേഷം ഗ്രാമ,​ജില്ലാപഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് റീടാർ ചെയ്തതാണ്. വെള്ളക്കെട്ട് കാരണം കുറച്ച് ഭാഗം തകർന്ന് പോയതോടെ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ഏഴര ലക്ഷം രൂപയ്ക്ക് ടെണ്ടർ നടപടി പൂർത്തിയാക്കി വർക്ക് ക്ഷണിച്ചതാണ്. യു.ഡി.എഫിന്റെ ടി.കെ. ഷാജഹാൻ ഉൾപ്പെടെയുള്ള ഒരു കോൺട്രാക്ടർ പോലും ഏറ്റെടുത്തില്ല. പിന്നീട് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതോടെ മുഴുവൻ വർക്കുകളും നടക്കാതെ പോയി. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഈ റോഡ് ഉൾപ്പെടെ മുഴുവൻ വാർഡുകളിലെയും നേരത്തെ അനുവദിച്ചിട്ടുള്ള പദ്ധതികൾ സ്പിൽ ഓവറായി നടപ്പിലാക്കാൻ തീരുമാനമെടുത്തിരിക്കെ,​ യു.ഡി.എഫ് മെമ്പറുടെ തന്നെ വാർഡിലെ റോഡിനെതിരെ യു.ഡി.എഫ് സമര ഭീഷണി മുഴക്കുന്നത് മുന്നണിയിലെ പടലപ്പിണക്കവും അടുത്ത തിരഞ്ഞെടുപ്പിൽ ലീഗിൽ നിന്ന് ഈ വാർഡ് മാറ്റുന്നതിന് ഉന്നമിട്ടാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിയും സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ വി.ആർ.ശിവപ്രസാദും ആരോപിച്ചു.