
തുറവൂർ : പ്രവാസിയേയും ഭാര്യയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് ജഗദീഷ് മന്ദിരത്തിൽ ജഗദീഷ് (അനി-55), ഭാര്യ സുനിത (47) എന്നിവരാണ് മരിച്ചത്. തുറവൂർ ടി.ഡി റെയിൽവേ ക്രോസിന് തെക്ക് ഭാഗത്ത് ഇന്നലെ പുലർച്ചെ നാലോടെ പരിസരവാസികളാണ് ഇരുവരുടെയും മൃതദേഹങ്ങൾ പാളത്തിനരികിൽ ട്രെയിനിടിച്ച് ചിന്നിച്ചിതറിയ നിലയിൽ കണ്ടത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ജഗദീഷ്, തന്റെ കുടുംബ വീട് ഭാഗം വച്ചതിനെ തുടർന്ന് പുത്തൻകാവിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഏക മകൾ സൗപർണികയും സുനിതയുടെ അമ്മയും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയിരിക്കെയാണ് സംഭവം. ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാദ്ധ്യതയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. അരൂക്കുറ്റി ഗവ.ആശുപത്രിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം കുടുംബ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.