photo

ചേർത്തല:നഗരത്തിൽ 15ാം വാർഡിന് പിന്നാലെ 16ാം വാർഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നഗരത്തിലാകെ ജാഗ്രതാ നിർദ്ദേശം .തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.എന്നാൽ ഭോപ്പാലിലെ വൈറോളജി ലാബിലേക്കയച്ച സമ്പിളുകളിൽ സ്ഥിരീകരണം വന്നാലേ ഔദ്യോഗിക സ്ഥിരീകരണമാകുകയുള്ളു.
നിലവിൽ 2000ത്തിലധികം കോഴികൾ രോഗം ബാധിച്ചു ചത്തതായാണ് വിവരം.എന്നാൽ ചത്ത കോഴികളെ സംസ്‌കരിക്കുന്നതു വെല്ലുവിളിയായിട്ടുണ്ട്.

ഔദ്യോഗിക സ്ഥിരീകരണമാകാത്തതിനാൽ നഗരസഭയുടയോ മൃഗസംരക്ഷണ വകുപ്പിന്റെയോ സംവിധാനങ്ങൾ നടപടികളിലേക്കു നീങ്ങിയിട്ടില്ല. കോഴിഫാം ഉടമകൾ നേരിട്ട് അവരുടെ സ്ഥലത്തു തന്നെയാണ് ഇവയെ കത്തിച്ചു സംസ്‌കരിക്കുന്നത്. ഇന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനു ശേഷം മാത്രമേ നഗരത്തിലടക്കം ശക്തമായ നിരീക്ഷണങ്ങളും നിയന്ത്റണങ്ങളും നടപടികളും നടപ്പാക്കാനാകുകയുള്ളു.
നിരീക്ഷണങ്ങളില്ലാത്തതിനാൽ ചത്ത കോഴികളെ പലയിടത്തുമിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.16ാം വാർഡിൽ ചത്തകോഴികളെ പൊതു സ്ഥലങ്ങളിലേക്കു വലിച്ചെറിഞ്ഞതായും ഇതിനെ തെരുവുപട്ടികൾ കടിച്ചു പലയിടത്തു ഇട്ടതായും പരാതികൾ ഉയർന്നിട്ടുണ്ട്.

മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം

നഗരസഭയിലെയും മുഹമ്മയിലെയും പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്റി പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.നിയന്ത്റണങ്ങൾ നടപ്പിലാക്കുന്നതിന് പൊലീസ് സഹായം ലഭ്യമാക്കുമെന്ന് മന്ത്റി അറിയിച്ചു.ചേർത്തല താലൂക്ക് ആശുപത്രി കേന്ദ്രമാക്കി ആവശ്യമായ സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഐസോലേഷൻ സൗകര്യം അടക്കം ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തിരഘട്ടത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയും ഉപയോഗിക്കാനാവും.