
ആലപ്പുഴ: നിരന്തര പരാതികൾക്കും പരിഹാരം കാണാൻ സാധിക്കാതെ വന്നതോടെ തെരുവുനായ്ക്കളിൽ നിന്ന് താൽക്കാലിക കവചമൊരുക്കാൻ വീട്ടുമതിലുകളുടെ ഉയരം കൂട്ടി കുടുംബങ്ങൾ. ആലപ്പുഴ നഗരത്തിലെ തത്തംപള്ളി വാർഡിലാണ് തെരുവുനായ്ക്കൾ ജനജീവിതത്തിന് ഭീഷണിയാകുന്നത്. തുടർന്നാണ് നായകൾ ചാടിക്കടക്കാതിരിക്കാൻ ചെറിയ മതിലുകളുടെ ഉയരം കൂട്ടിയത്.
പ്രദേശവാസികളിൽ പലർക്കും നായ്ക്കളുടെ കടിയും മാന്തും ഏൽക്കുന്നുമുണ്ട്. സ്പോൺസർമാരുടെ ധനസഹായത്തോടെ തത്തംപള്ളി റെസിഡൻസ് അസോസിയേഷൻ നടപ്പിലാക്കാൻ ആരംഭിച്ച വിവിധ കോഴി, ആട് വളർത്തൽ പദ്ധതികൾ നായകളുടെ ആക്രമണം മൂലം ഉപേക്ഷിച്ചിരിക്കുകയാണ്. കൂട്ടിലിട്ടു വളർത്തുന്ന മൃഗങ്ങൾക്കും പക്ഷികൾക്കു നേരെയും തെരുവുനായ ആക്രമണം പതിവാണ്. വീടുകളിൽ വളർത്തുന്ന നായ്ക്കളെയും തെരുവ്നായ്ക്കൾ കടിച്ചുപരിക്കേൽപ്പിക്കുന്നുണ്ട്.
തത്തംപള്ളിക്കാരുടെ ആവശ്യങ്ങൾ
ജനനനിയന്ത്രണ പദ്ധതി (എ.ബി.സി ) ഫലപ്രദമായി നടപ്പിലാക്കുക
എ.ബി.സി പദ്ധതിതിരിച്ചറിയാൻ ചെവി മുറിക്കുന്നതിനു പകരം ടാഗ് ഘടിപ്പിക്കുക
നായ്ക്കളെക്കുറിച്ചുള്ള പ്രശ്നങ്ങൾ അധികൃതരെ അറിയിക്കാൻ നഗരസഭ ഫോൺ നമ്പർ പ്രസിദ്ധീകരിക്കുക
നായ്ക്കൾക്ക് സൗജന്യമായി പ്രതിരോധ മരുന്ന് കുത്തിവയ്ക്കുക.
വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് കുത്തിവയ്പ്പുകൾ ഉറപ്പാക്കിയും ഫീസ് ഈടാക്കിയും ലൈസൻസ് ഏർപ്പെടുത്തുക.
നായ്പ്രേമികളുടെ ധനസഹായത്തോടെ മുനിസിപ്പാലിറ്റി നായ്ക്കൾക്ക് ഷെൽട്ടറുകൾ നിർമ്മിക്കുക
മൃഗസ്‌നേഹികൾക്ക് തെരുവ് നായ്ക്കളെ ദത്തു നൽകി വളർത്താൻ അനുമതി നൽകുക.
മാറിമാറി വരുന്ന രാഷ്ട്രീയ നേതൃത്വം തെരുവുനായ വിഷയത്തിൽ ഫലപ്രദമായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്യാത്തത് സംശയദൃഷ്ടിയോടെയാണ് കാണുന്നത്. പൊതുജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നത്
-തത്തംപള്ളി റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ