
ആലപ്പുഴ : മാലിന്യ സംസ്കരണം വെല്ലുവിളിയായ ആലപ്പുഴ നഗരത്തിൽ രണ്ട് മൊബൈൽ കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്റുകൾ നഗരസഭ ഒരുക്കും. അമൃത് പദ്ധതിയിലുൾപ്പെടുത്തി ഒരു കോടിയോളം രൂപ ചെലവിട്ടാണ് വാഹനങ്ങൾ വാങ്ങുക. അമൃത് പദ്ധതിയുടെ ടെക്നിക്കൽ കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന പദ്ധതി അംഗീകാരം ലഭിച്ചാലുടൻ ടെൻഡർ ചെയ്യും. ഒരുമാസത്തിനകം രണ്ട് യൂണിറ്റുകൾ നഗരസഭയിലെത്തിച്ചേരുമെന്നാണ് വിവരം. പിന്നാലെ കൗൺസിൽ ചേർന്ന് നിരക്കുകളും പ്രവർത്തന മേഖലകളും നിശ്ചയിക്കും.
ആലപ്പുഴ നഗരത്തിലെ കക്കൂസ് മാലിന്യ സംസ്കരണത്തിന് പരിഹാരമെന്ന നിലയിലാണ് മൊബൈൽ പ്ളാന്റുകൾ വാങ്ങാൻ നഗരസഭയ്ക്ക് സ്വന്തമായി സംസ്കരണ സംവിധാനമില്ലായിരുന്നു.
സേവനം മിതമായ നിരക്കിൽ
1.കുടിവെള്ളക്ഷാമം രൂക്ഷമായ നഗരത്തിൽ ജലസ്രോതസുകളെ കക്കൂസ് മാലിന്യത്തിൽ നിന്ന് രക്ഷിക്കാൻ സംസ്കരണപ്ളാന്റ് അനിവാര്യമാണ്
2.നഗരത്തിൽ പ്ളാന്റ് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുന്നതും പ്രാദേശികമായുണ്ടാകുന്ന എതിർപ്പും കണക്കിലെടുക്കുമ്പോൾ മൊബൈൽ പ്ളാന്റുകൾ നഗരവാസികൾക്ക് സഹായകമാകും
3.വീടുകളിലെ സെപ്റ്റിക് ടാങ്കുകൾ ന്യായമായ നിരക്കിൽ ക്ളീൻ ചെയ്യാനും പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കാനും മൊബൈൽ പ്ളാന്റുകളിലൂടെ കഴിയും
ഒരു വാഹനത്തിന്റെ സംസ്കരണ ശേഷി....10 കെ.എൽ.ഡി
രണ്ട് വാഹനങ്ങൾക്കുമായി ....20 കെ.എൽ.ഡി
വില.... 50 ലക്ഷം. (ഒരുവാഹനത്തിന്)
അമൃത് ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാലുടൻ പദ്ധതി ടെൻഡർ ചെയ്യും
- സെക്രട്ടറി , ആലപ്പുഴ നഗരസഭ