ghh

ഹരിപ്പാട്: കൈവിട്ടു കളഞ്ഞ ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് ഭരണം കോൺഗ്രസ് തിരിച്ചു പിടിച്ചു. പദ്മശ്രീ ശിവദാസനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജി. സജിനിയാണ് വൈസ് പ്രസിഡന്റ്. പ്രസിഡന്റ് തിരഞ്ഞടുപ്പിൽ സി.പി.എമ്മിലെ അശ്വതി തുളസിയെയാണ് പരാജയപ്പെടുത്തിയത്. പദ്മശ്രീക്ക് ഏഴു വോട്ടും അശ്വതിക്ക് ആറു വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞടുപ്പിൽ ജി. സജിനി സി.പി.ഐ.യിലെ എ.അൻസിയക്കെതിരെ ആറിനെതിരെ ഏഴു വോട്ടുകൾക്കാണ് വിജയിച്ചത്. കാർത്തികപ്പളളി താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടനായിരുന്നു വരണാധികാരി. കഴിഞ്ഞമാസം 24-നാണ് പ്രസിഡന്റായിരുന്ന അശ്വതി തുളസിയെയും വൈസ് പ്രസിഡന്റ് എ. അൻസിയയെയും കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. 2020-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 13-ൽ ഏഴു വാർഡിൽ കോൺഗ്രസാണ് വിജയിച്ചത്. സി.പി.എം-3, സി.പി.ഐ-2, ഇടതു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില.

ഭരണം നഷ്ടമായത് പദവി പങ്ക് വയ്ക്കലിലെ തർക്കത്തിനൊടുവിൽ

അധികാരത്തിലെത്തിയിട്ടും രണ്ടേകാൽ വർഷത്തിനു ശേഷം നേതൃസ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കംമൂലം കോൺഗ്രസ് ഭരണം നഷ്ടപ്പെടുത്തികളയുകയായിരുന്നു. ആദ്യ രണ്ടു വർഷം ജി.സജിനിയും തുടർന്നുളള മൂന്നു വർഷം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന പദ്മശ്രീ ശിവദാസനും പ്രസിഡന്റു സ്ഥാനം പങ്കുവെക്കാമെന്ന ധാരണയാണ് കോൺഗ്രസിനുള്ളിലുണ്ടായിരുന്നത്. 2022 ഡിസംബർ 31-നകം ജി.സജിനി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായിരുന്നു. ആദ്യ മൂന്നു വർഷം എസ്. സുരേഷ് കുമാറും(ബിനു) അടുത്ത രണ്ടു വർഷം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. അനീഷും വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടാനുമുളള തീരുമാനവുമുണ്ടായിരുന്നു. പിന്നീട്, പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ഭരണം കൈവിട്ടുകളയുന്നതിന് കാരണമായത്. ജി. സജിനിയെയും വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാറിനെയും കഴിഞ്ഞ വർഷം മാർച്ചിലാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. സ്വന്തം പ്രസിഡന്റിനെതിരെ കോൺഗ്രസ് തന്നെ മുൻകൈയെടുത്തു കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതു അംഗങ്ങളും പിന്തുണച്ചതോടെയാണ് അന്ന് പാസായത്. തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നാലു അംഗങ്ങൾ വോട്ട് അസാധുവാക്കി ഭരണം കൈവിട്ടുകളഞ്ഞു. ഇത് പാർട്ടിക്കുളളിൽ നടപടികൾക്ക് കാരണമായി. ഒരു വർഷത്തോളം നീണ്ടു നിന്ന സമവായ ചർച്ചയ്ക്ക് ഒടുവിലാണ് അധികാരം തിരിച്ചു പിടിക്കാനായത്.