ആലപ്പുഴ : ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണം മാറും മുമ്പ് രാമങ്കരിയിൽ കാൽനൂറ്റാണ്ട് കൈവശം വച്ചിരുന്ന പഞ്ചായത്ത് ഭരണം കൂടി നഷ്ടമാക്കിയതോടെ ജില്ലയിലെ ഇടതുമുന്നണിയിൽ സി.പി.എം- സി.പി.ഐ ബന്ധം ഉലയുന്നു.

രാമങ്കരിയിലെ ഭരണനഷ്ടത്തിൽ സി.പി.എം ജില്ലാ നേതൃത്വത്തിനെതിരെ സി.പി.ഐ ജില്ലാ സെക്രട്ടറി പരസ്യമായി രംഗത്തുവന്നു. ഇടത്തോട്ട് ഇന്റിക്കേറ്റർ ഇട്ട് വലത്തോട്ട് സ്റ്റിയറിംഗ് തിരിക്കുന്ന സമീപനമാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തിയത്. ഇടതു പക്ഷ ഭരണ പാരമ്പര്യത്തിന് തുരങ്കം വെച്ച സി.പി.എം ജില്ലാ നേതൃത്വം കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ രാമങ്കരി പഞ്ചായത്തിലെ ജനങ്ങൾ നൽകിയ ജനവിധിയെ അവസരവാദപരമായി അട്ടിമറിക്കുകയായിരുന്നുവെന്നും ആഞ്ചലോസ് ആരോപിച്ചു. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ ഭരണ പരാജയമാണ് മാവേലിക്കരയിലെയും ആലപ്പുഴയിലെയും ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നിലെന്ന് വിമർശനം നടത്തിയതിന് പിന്നാലെയാണ് രാമങ്കരി സംഭവത്തിൽ സി.പി.എം ജില്ലാ നേതൃത്വത്തിനെതിരെ സി.പി.ഐ വെടിപൊട്ടിച്ചിരിക്കുന്നത്. .

രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സി.പി.എം അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തതിന് സി.പി.എം ജില്ലാ നേതൃത്വമാണ് മുഖ്യ കാർമ്മികത്വം വഹിച്ചത്

- ടി.ജെ. ആഞ്ചലോസ്, സി.പി.ഐ ജില്ലാ സെക്രട്ടറി

സി.പി.എമ്മിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച പഞ്ചായത്തംഗങ്ങളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന മറുപടി അർഹിക്കാത്തത്

- ആർ. നാസർ, സി.പി.എം ജില്ലാ സെക്രട്ടറി