
ഹരിപ്പാട്: മുപ്പതോളം കുടുംബങ്ങളുടെ യാത്രാമാർഗമായ റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. കുമാരപുരം മൂന്നാം വാർഡിൽ കെ.വി.ജെട്ടി - ചക്കിട്ടയിൽ റോഡാണ് വർഷങ്ങളായി കുണ്ടും കുഴിയുമായി മാറിയത്.
യാത്ര ദുരിതത്തിലായതോടെ നിരവധി തവണ പഞ്ചായത്തിന് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. വിവിധ സ്കൂളുകളിലേക്ക് പോകേണ്ട കുട്ടികളും മുതിർന്നവരും അംഗപരിമിതരും ഉൾപ്പടെ ദിവസേന നൂറ് കണക്കിന് പേരാണ് ശോച്യാവസ്ഥയിലായ റോഡിലൂടെ സഞ്ചരിക്കുന്നത്.
റോഡിന്റെ ശോചനീയാവസ്ഥ കാരണം , അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഓട്ടോറിക്ഷകളും ടാക്സികളും യാത്രയ്ക്ക് വരാത്ത സ്ഥിതിയുമുണ്ട്.
മഴപെയ്താൽ മുട്ടോളം വെള്ളം
കഴിഞ്ഞ 30 വർഷക്കാലമായി പ്രദേശത്തെ ജനങ്ങളുടെ സഞ്ചാര മാർഗ്ഗമാണ് ഇത്
15 വർഷം മുമ്പ് ഗ്രാമപഞ്ചായത്ത് ഗ്രാവൽ നിരത്തിയത് മാത്രമാണ് നടന്നിട്ടുള്ള ഏക പ്രവൃത്തി
മഴ പെയ്തു കഴിഞ്ഞാൽ റോഡിൽ മുട്ടോളം വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ
സമീപത്തെ പറമ്പുകളിലെ അഴുക്കും മലിനജലവും റോഡിലേക്കാണ് ഒഴുകി വരുന്നത്
ഇതുവഴിയുള്ള യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു
കാൽനടയാത്ര പോലും കഴിയാത്ത രീതിയിൽ റോഡ് തകർന്നുകിടക്കുകയാണ്. നിരവധിതവണ അധികൃതരെ വിവരം അറിയിച്ചിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചെളിവെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾക്ക് ഉൾപ്പടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
- രാജേഷ് രാജൻ പ്രദേശവാസി