അരൂർ :സമുദ്രോല്പന്ന സംസ്ക്കരണ കയറ്റുമതി വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന 56 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം 36 ദിവസമാക്കി കുറയ്ക്കണമെന്ന് ചേംബർ ഒഫ് കേരള സീഫുഡ് ഇൻഡസ്ട്രീസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദീർഘനാളായി അടഞ്ഞു കിടന്ന പീലിംഗ് കമ്പനികളെല്ലാം പ്രവർത്തനക്ഷമമാകുന്ന സമയത്താണ് ട്രോളിംഗ് നിരോധനമുള്ളത്. ട്രോളിംഗ് കാലത്ത് പട്ടിണിയിൽ ആകുന്ന പീലിംഗ് തൊഴിലാളികൾക്ക് സാമ്പത്തിക സഹായവും,സൗജന്യ റേഷനും അനുവദിക്കണം. ഓരോ വർഷവും കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന കേരളത്തിലെ സമുദ്രോൽപ്പന്ന സംസ്കരണ മേഖലയുടെ വീണ്ടെടുപ്പിന് സത്വര നടപടികളുണ്ടാകണമെന്നും ചേംബർ ഒഫ് കേരള സീഫുഡ് ഇൻഡസ്ട്രീസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ജെ.ആർ,അജിത്ത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.ബി.ഗഫൂർ,സെക്രട്ടറി വി.കെ.ഇബ്രാഹിം, ട്രഷറർ നസീർ കായിക്കര എന്നിവർ സംസാരിച്ചു.