ചേർത്തല:ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്കയച്ച സാമ്പിളുകളിൽ സ്ഥിരീകരണം ആയില്ലെങ്കിലും, നഗരത്തിൽ പക്ഷിപനിക്കെതിരെ നടപടി തുടങ്ങി.നിലവിൽ നഗരസഭയുടെ നേതൃത്വത്തിൽ രോഗം ബാധിച്ചു ചത്തകോഴികളെ ശാസത്രീയമായി സംസ്‌കരിച്ചു തുടങ്ങി.തിരുവല്ലയിലെ പക്ഷിരോഗ നിർണയ ലാബിൽ പ്രാഥമിക പരിശോധനയിൽ പക്ഷിപനി കണ്ടെത്തിയ ഫാമുകളിലെ കോഴികളാണ് ചാകുന്നത്. രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാൽ ഈ ഫാമുകളിലെ നിലവിൽ അവശേഷിക്കുന്ന ജീവനുളള കോഴികളെ സംസ്‌കരിക്കാനാകാത്ത സ്ഥിതിയാണ്.നഗരസഭ അധികൃതർ നിലവിലെ സാഹചര്യം കളക്ടറെ അറിയിച്ചിരുന്നു.നഗരത്തിനു പുറമെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലും മുഹമ്മയിലും രോഗം പ്രാഥമികമായി സ്ഥിരീകരിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം കളക്ടർ നിയന്ത്റണം ഏർപ്പെടുത്തി ഉത്തരവിറക്കി. കൈനകരി,ആര്യാട്,മാരാരിക്കുളംതെക്ക്,വടക്ക്,ചേർത്തലതെക്ക്,കഞ്ഞിക്കുഴി,മുഹമ്മ,തണ്ണീർമുക്കം,കുമരകം,അയ്മനം,ആർപ്പൂക്കര,മണ്ണഞ്ചേരി,വെച്ചൂർ,പട്ടണക്കാട്,വയലാർ,കടക്കരപ്പളളി,ചേന്നംപള്ളിപ്പുറം,ടി.വി.പുരം,തലയാഴം,ചേർത്തല,വൈക്കം നഗരസഭ,ആലപ്പുഴ നഗരസഭയിലെ പുന്നമട,കരളകം,പൂന്തോപ്പ്,കൊറ്റംകുളങ്ങര,കറുകയിൽ,കാളാത്ത്,ആശ്രമം,കൊമ്മാടി,തുമ്പോളി എന്നിവിടങ്ങളിൽ താറാവ്,കോഴി,കാട തുടങ്ങിയ വളർത്തു പക്ഷികളുടെ വിപണനവും മുട്ട,ഇറച്ചി,വളം ഉപയോഗവും വിൽപ്പനയും 22 വരെ നിരോധിച്ചു.പരിശോധനകൾക്കായി പ്രത്യേക സംഘങ്ങൾക്കും ചുമതല നൽകി.