ks

ആലപ്പുഴ: പുത്തൻ അദ്ധ്യയന വർഷത്തിന് തുടക്കമായതോടെ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ കാർഡുകൾ ലഭ്യമാക്കിത്തുടങ്ങി. കൺസഷൻ വിതരണ നടപടികൾ കെ.എസ്.ആർ.ടി.സി ഓൺലൈൻ മാർഗം പൂർത്തിയാക്കുന്നതിനാൽ കാലതാമസമില്ലാതെ വിതരണം സാദ്ധ്യമാകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. വിദ്യാഭ്യാസ സ്ഥാപന മേധാവി അംഗീകരിച്ച്,​ കെ.എസ്.ആർ.ടി.സിയിലെത്തുന്ന മുഴുവൻ കൺസഷൻ കാർഡുകളും അതത് ദിവസം തന്നെ നൽകി വരുന്നുണ്ട്. വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷകൾ ശുപാർശ ചെയ്ത് അഗീകാരത്തിനായി കെ.എസ്.ആർ.ടി.സിക്ക് കൈമാറുന്നതിന് വലിയ കാലതാമസവും തടസവും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും, ഇത് വലിയ തോതിൽ പരാതിക്ക് ഇടവരുത്തുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.

യോഗം വൈകുന്നു

സാധാരണ സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി യോഗം ചേർന്ന ശേഷമാണ് കുട്ടികളുടെ കൺസഷൻ, ബസുകളുടെ സമയം, ദൂരം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുക. ഈ വർഷം യോഗം ഇതുവരെ ചേർന്നിട്ടില്ല. മുൻ വർഷങ്ങളുടെ മാതൃകയിൽ സ്കൂൾ അധികൃതർ മുഖാന്തരം ആർ.ടി ഓഫീസിൽ അപേക്ഷ സമർപ്പിച്ച് സ്വകാര്യ ബസിലേക്കുള്ള കൺസഷൻ കാർഡുകൾ വാങ്ങാനാവും. എന്നാൽ,​ മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുൾപ്പടെ ട്രാവൽ ഫെസിലിറ്റി യോഗം ചേരാൻ വൈകുന്നതിൽ ബസ് മേഖലയിലുള്ളവർക്ക് അതൃപ്‌തിയുണ്ട്.

സ്വകാര്യ ബസ് കൺസഷൻ

(ആലപ്പുഴ നഗരത്തിൽ)

മിനിമം : 2 രൂപ

പരമാവധി : 5 രൂപ


മോട്ടോർ വാഹന വകുപ്പ് വിളിച്ച് ചേർക്കേണ്ട സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി യോഗം ചേർന്ന ശേഷമാണ് സാധാരണ ഗതിയിൽ കൺസഷൻ അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. യോഗം വൈകുന്നതിന്റെ പേരിൽ കുട്ടികളുടെ അവകാശം നിഷേധിക്കപ്പെടില്ല

പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്പോർട്ട് അസോ.

.........