
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലേബർറൂമിന് മുന്നിൽ ഇരിക്കാൻ ഇടമില്ലാതെ ബന്ധുക്കളും കൂട്ടിരിപ്പുകാരും വലയാൻ തുടങ്ങിയിട്ട് നാളുകളായി. നേരത്തെ ഇവിടെയുണ്ടായിരുന്ന ഗുണനിലവാരമില്ലാത്ത പ്ളാസ്റ്റിക് കസേരകൾ കാലൊടിഞ്ഞും തകർന്നും
ഉപയോഗ ശൂന്യമായതോടെയാണ് പ്രസവത്തിനെത്തുന്ന യുവതികളുടെ ബന്ധുക്കൾ
നിലത്തിരിക്കേണ്ട ഗതികേടിലായത്. രക്തപരിശോധനക്കും മരുന്നുകൾ പുറത്തുനിന്ന് വാങ്ങുവാനുമെല്ലാം ബന്ധുക്കൾ ലേബർ റൂമിന് സമീപം തന്നെ ഉണ്ടാകണമെന്നാണ് ജീവനക്കാർ വാശിപിടിക്കുമ്പോഴാണ് ഇരിപ്പിടം പോലുമൊരുക്കാതെ ആശുപത്രി അധികൃതർ ക്രൂരതകാട്ടുന്നത്. അവഗണന അവസാനിപ്പിച്ച് ലേബർ റൂമിന് സമീപം ആവശ്യമായ ഇരിപ്പിടം ഒരുക്കണമെന്നതാണ് പ്രസവത്തിനെത്തുന്നവരുടെ ബന്ധുക്കളുടെ ആവശ്യം.