
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഓഫീസ് കാര്യാലയത്തിന് നാഥനില്ലാതായിട്ട് മാസങ്ങളായി. ഓഫീസിൽ പഞ്ചായത്ത് സെക്രട്ടറിയും അസി.സെക്രട്ടറിയുമില്ല. പഞ്ചായത്ത് സെക്രട്ടറി ദീർഘകാല ലീവിലാണ്.വിരമിച്ച അസി.സെക്രട്ടറിക്ക് പകരം ഇതുവരെ ആളെത്തിയില്ല.
ലോക്സഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം ഏപ്രിൽ അവസാന വാരത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ലീവിൽ പോയത്. അസി.സെക്രട്ടറി മേയ് 31 നാണ് വിരമിച്ചത്. ഈരണ്ട് കസേരകളും ഒഴിഞ്ഞുകിടക്കുന്നത് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയാണ്.
ഓഫീസിൽ ഓരോ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാർക്കുള്ള സേവനങ്ങളിലും കാലതാമസം നേരിടുന്നുമുണ്ട്. ഇരുവരുടെയും അഭാവത്തിൽ പഞ്ചായത്തിലെ ഹെഡ് ക്ലാർക്കിനാണ് അധിക ചുമതല.
പദ്ധതികൾ ചുവപ്പുനാടയിൽ
1.പദ്ധതി നിർവഹണം, കെട്ടിട നിർമ്മാണ പെർമിറ്റ്, വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി നൽകൽ തുടങ്ങിയ നടപടികളെയും വികസന പ്രവർത്തനങ്ങളെയും പഞ്ചായത്ത് സെക്രട്ടറിയുടെ അഭാവം സാരമായി ബാധിക്കുന്നുണ്ട്.സെക്രട്ടറിയില്ലാത്തതിനാൽ പല പദ്ധതികളും ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്
2. തൊഴിലുറപ്പു പദ്ധതി, ഹരിതകർമ്മസേന തുടങ്ങിയവയുടെ ചുമതലയുള്ള അസി.സെക്രട്ടറിയുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സെക്രട്ടറിയും അസി.സെക്രട്ടറിയും ഇല്ലാത്തതുകാരണം പഞ്ചായത്ത് ഓഫീസ് നോക്കുകുത്തിയായി മാറിയിട്ടുണ്ട്
കുത്തിയതോട്
വാർഡുകൾ: 16
ജനസംഖ്യ: 38,000