photo

ചാരുംമൂട്: കായംകുളം -പുനലൂർ റോഡിൽ അമ്മൻകോവിലിനും ആദിക്കാട്ടുകുളങ്ങര ജംഗ്ഷനുമിടയിൽ റോഡരികിലുള്ള ഉണങ്ങിയ വൻമരം യാത്രക്കാർക്കും വൈദ്യുതി ലൈനിനും ഭീഷണിയാകുന്നു. മഴയും കാറ്റും ശക്തമായാൽ ഏതുനിമിഷവും നിലം പതിക്കുന്ന തരത്തിൽ മരത്തിന്റെ ഒരു ഭാഗം ഉണങ്ങി നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണെങ്കിലും സ്കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിരവധി തവണ മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീണിരുന്നു. മാസങ്ങൾക്ക് മുമ്പ് മിന്നലേറ്റതിനെ തുടർന്നാണ് മരത്തിന്റെ ഒരു ഭാഗം പൂർണമായും ഉണങ്ങിയത്. അന്തർ സംസ്ഥാന റോഡായതിനാൽ സ്കൂൾ ബസുകൾ ഉൾപ്പെടെ ആയിരകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നു പോകുന്നത്. ആദിക്കാട്ടുകുളങര എച്ച് .ഐ . എസ് എൽ. പി സ്കൂൾ നൂറ് മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിലേക്ക് പോകുന്ന കുട്ടികളടക്കം നൂറുകണക്കിന് കാൽനടയാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. മരത്തിന് സമീപത്ത് നിരവധി കച്ചവട സ്ഥാപനങ്ങളും ഒരു വീടും ഉണ്ട്.