മാവേലിക്കര : വൈക്കം സത്യഗ്രഹത്തിനു പിന്തുണ അറിയിച്ചു മാവേലിക്കരയിൽ നടന്ന സമ്മേളനത്തിനു നൂറുവർഷം തികഞ്ഞു. 1924 ജൂൺ 4നായിരുന്നു പുല്ലംപ്ലാവ് ജംഗ്ഷനിൽ സമ്മേളനം ചേർന്നത്. മാവേലിക്കര സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം കഥ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5ന് പുല്ലംപ്ലാവ് ജംഗ്ഷനിൽ നടക്കും. കെ.കെ.സുധാകരൻ അധ്യക്ഷത വഹിക്കും. ചരിത്രകാരൻ ജോർജ് തഴക്കര മുഖ്യപ്രഭാഷണം നടത്തുമെന്ന് സെക്രട്ടറി റെജി പാറപ്പുറത്ത് അറിയിച്ചു.
വൈക്കം സത്യാഗ്രഹ സമരത്തെ അനുകൂലിച്ചുകൊണ്ട് ജൂൺ 4ന് പുല്ലാംപ്ലാവ് ടൗൺ ഹാളിന്റെ സമീപത്തുവച്ചാണ് സമ്മേളനം നടന്നത്. കോൺഗ്രസ് സെക്രട്ടറിമാരായ കൊച്ചുവീട്ടിൽ പത്മനാഭപിള്ള, ചാങ്കൂർ കൃഷ്ണപ്പണിക്കർ എന്നിവരായിരുന്നു പ്രധാന സംഘാടകർ. കേരളാഭിമാനിയുടെ പത്രാധിപരായിരുന്ന പടിഞ്ഞാറേ തലയ്ക്കൽ ജേക്കബ് കുര്യനായിരുന്നു അധ്യക്ഷൻ. അഡ്വ.ഗോപാലക്കുറുപ്പ്, കെ.സി.കുഞ്ഞുരാമൻ, കൊച്ചിക്കൽ പരമേശ്വരൻ തമ്പി എന്നിവരും ചെങ്ങന്നൂർ സ്വദേശിയായ തയ്യിൽ കൃഷ്ണപിള്ളയും പ്രസംഗിച്ചു.