
മാന്നാർ : മാവേലിക്കരയിൽ നിന്ന് മാന്നാറിലേക്കുള്ള യാത്രാ മദ്ധ്യേ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാർ. കായംകുളം -തിരുവല്ല റൂട്ടിൽ സർവ്വീസ് നടത്തുന്ന മുഴങ്ങോടിയിൽ ബസിലെ ജീവനക്കാരായ വിഷ്ണു, രഞ്ജിത് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് പാണ്ടനാട് സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മാവേലിക്കരയിൽ നിന്ന് ബസിൽ കയറിയ യുവതി മാന്നാർ കോയിക്കൽ ജംഗ്ഷനിൽ എത്തിയപ്പോൾ ബസിനുള്ളിൽ കുഴഞ്ഞു വിഴുകയായിരുന്നു. ഇത് കണ്ട മറ്റ് യാത്രക്കാർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും കുഴഞ്ഞ് വീണ യുവതിയുമായി ബസ് പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിൽ എത്തിക്കാൻ ബസ് ഡ്രൈവറായ വിഷ്ണുവിന് കഴിഞ്ഞതാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. ബസ് ആശുപത്രിയിൽ എത്തിയ ഉടൻ പരുമല ആശുപത്രി ജംഗ്ഷനിലെ ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പടെയുള്ളവരും ബസ് ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേർന്ന് യുവതിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. യാത്രയ്ക്കിടെ കുഴഞ്ഞ് വീണ യുവതിയുടെ ജീവൻ രക്ഷിച്ച് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച ബസ് ജീവനക്കാരെ ഡോക്ടർമാരും നാട്ടുകാരും അഭിനന്ദിച്ചു